തിരുവനന്തപുരം:അഭിരുചിക്കിണങ്ങുന്ന തുടർപഠന മേഖലകൾ തിരഞ്ഞെടുക്കുന്നതിനായി വിദ്യാർത്ഥികൾക്കുള്ള അവസരമാണ് ഫോക്കസ് പോയിന്റ് ഓറിയന്റേഷൻ പ്രോഗ്രാമെന്ന് മന്ത്രി വി.ശിവൻകുട്ടി. ദിശ കരിയർ പ്ലസ് വൺ ഫോക്കസ് പോയിന്റിന്റെയും അദ്ധ്യാപകസംഗമത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം കോട്ടൺഹിൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു.ഒൻപത് മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് തൊഴിൽ മേഖലകളെക്കുറിച്ചും തുടർപഠനവുമായും ബന്ധപ്പെട്ട് വ്യക്തത നൽകുന്ന കരിയർ ഗൈഡൻസ് പോർട്ടൽ ജൂൺ ആദ്യവാരം ലഭ്യമാകുമെന്ന് മന്ത്രി അറിയിച്ചു. ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷനായ ചടങ്ങിൽ എസ്.എസ്.കെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ സുപ്രിയ എ ആർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ആർ.കെ ജയപ്രകാശ്, എസ്.ഐ ഇ.ടി ഡയറക്ടർ ബി.അബുരാജ്, സമഗ്രശിക്ഷാ കേരളം സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ സുധീഷ് കുമാർ എൻ.ഐ എന്നിവർ പങ്കെടുത്തു.
പ്ളസ് വൺ ഓൺലൈൻ അപേക്ഷ ഇന്ന് മുതൽ
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ഇന്ന് മുതൽ. വിദ്യാർത്ഥികൾക്ക് സ്വന്തമായോ പഠിച്ച സ്കൂളിലെ കമ്പ്യൂട്ടർ സൗകര്യം ഉപയോഗിച്ചോ അദ്ധ്യാപകരുടെ സഹായത്തോടെയോ അപേക്ഷിക്കാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. ഏകജാലകത്തിൽ 20 വരെ അപേക്ഷ സ്വീകരിക്കും.
4,24,583 പേരാണ് എസ്.എസ്.എൽ.സി വിജയിച്ചത്. പ്ലസ് വൺ - 4,41,887, വി.എച്ച്.എസ്.ഇ - 33,030 ക്രമത്തിൽ 4,74,912 സീറ്റുകൾ ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പ്രതിഷേധങ്ങളുയർന്ന മലപ്പുറത്ത് 79,272 പേരാണ് എസ്.എസ്.എൽ.സി പാസായത്. ഇവിടെ പ്ലസ് വണ്ണിന് 78,331 സീറ്റും വി.എച്ച്.എസ്.ഇക്ക് 2850 സീറ്റും ഉൾപ്പെടെ 81,382 സീറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്.
ഒറ്റനോട്ടത്തിലറിയാം
അപേക്ഷാ സമർപ്പണം: 20 വരെ
ട്രയൽ അലോട്മെന്റ്: മേയ് 24
ആദ്യ അലോട്മെന്റ് : ജൂൺ രണ്ട്
രണ്ടാം അലോട്മെന്റ്: ജൂൺ പത്ത്
മൂന്നാം അലോട്മെന്റ്: ജൂൺ 16.
ക്ലാസ് തുടങ്ങുന്ന തീയതി: ജൂൺ 18.
അന്തിമപ്രവേശനം: ജൂലായ് 23.
സി.ബി.എസ്.ഇ 12-ാം ക്ളാസ്
നേരിയ പോയിന്റിൽ
ഒന്നാംസ്ഥാനം നഷ്ടം
എം.എസ് സജീവൻ
കൊച്ചി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷയിൽ പത്തുവർഷമായി കൈയടക്കി വച്ചിരുന്ന ഒന്നാംസ്ഥാനം ഇക്കുറി കേരളവും ലക്ഷദ്വീപും ഉൾപ്പെട്ട തിരുവനന്തപുരം മേഖലയ്ക്ക് നഷ്ടമായത് നേരിയ പോയിന്റ് വ്യത്യാസത്തിൽ. അതേസമയം, പത്താംക്ളാസിൽ വിജയവാഡയുമായി ഒന്നാംസ്ഥാനം പങ്കിട്ടു.
പന്ത്രണ്ടാം ക്ലാസിൽ ഒന്നാമതെത്തിയ വിജയവാഡ നേടിയത് 99.60%. തിരുവനന്തപുരം
മേഖലയുടേത് 99.32%. 0.28 പോയിന്റ് വ്യത്യാസം. തിരുവനന്തപുരം മേഖലയിൽ 20,188 ആൺകുട്ടികളും 21,030 പെൺകുട്ടികളും ഉൾപ്പെടെ 41,218പേർ പരീക്ഷയെഴുതി. 19,999 ആൺകുട്ടികളും 20,938 പെൺകുട്ടികളും ഉൾപ്പെടെ 40,937പേർ വിജയിച്ചു.
പത്താംക്ളാസിൽ തിരുവനന്തപുരം മേഖലയും വിജയവാഡയും 99.77 ശതമാനവുമായാണ് ഒന്നാംസ്ഥാനം പങ്കിട്ടത്. 31,983 ആൺകുട്ടികളും 31,855 പെൺകുട്ടികളും ഉൾപ്പെടെ 63,838പേർ തിരുവനന്തപുരം മേഖലയിൽ പരീക്ഷയെഴുതി. 31,901ആൺകുട്ടികളും 31,804 പെൺകുട്ടികളും ഉൾപ്പെടെ 63,705പേർ വിജയിച്ചു.
പഠനത്തിലും പരീക്ഷയ്ക്ക് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിലും കേരളത്തിലെ സ്കൂളുകൾ സ്വീകരിക്കുന്ന ശാസ്ത്രീരീതിയാണ് മികച്ച വിജയത്തിന് കാരണം. പുതിയ ദേശീയ വിദ്യാഭ്യാസനയം അനുസരിച്ച് പഠിപ്പിക്കുന്ന രീതി പരിഷ്കരിച്ചതും സഹായകമായി
-ഡോ. ഇന്ദിര രാജൻ,
നാഷണൽ കൗൺസിൽ ഒഫ്
സി.ബി.എസ്.ഇ സ്കൂൾസ് സെക്രട്ടറി ജനറൽ
കേരള പുരസ്കാരങ്ങൾക്ക് നാമനിർദ്ദേശങ്ങൾ സമർപ്പിക്കാം
തിരുവനന്തപുരം:വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്രസംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കേരള പുരസ്കാരങ്ങൾക്ക് നാമനിർദേശങ്ങൾ ജൂൺ 30വരെ സമർപ്പിക്കാം. കേരള ജ്യോതി,കേരള പ്രഭ,കേരള ശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് കേരള പുരസ്കാരം നൽകുന്നത്.കേരളപ്പിറവി ദിനത്തോടനുബന്ധിച്ചാണ് പുരസ്കാര പ്രഖ്യാപനം. https://keralapuraskaram.kerala.gov.in മുഖേന സമർപ്പിക്കണം.നേരിട്ട് ലഭിക്കുന്ന നാമനിർദ്ദേശങ്ങൾ പരിഗണിക്കില്ല.കൂടുതൽ വിവരങ്ങൾക്ക്: https://keralapuraskaram.kerala.gov.in.ഫോൺ: 04712518531, 04712518223,0471-2525444.
റേഷൻ വ്യാപാരി കമ്മീഷൻ അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ ഏപ്രിലിലെ കമ്മീഷൻ അനുവദിച്ചതായി മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. ഇന്നു മുതൽ വ്യാപരികളുടെ അക്കൗണ്ടുകളിൽ തുക എത്തും. എല്ലാ മാസവും 15 നു മുൻപ് കമ്മീഷൻ വിതരണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ ഓരോ മാസവും വിവിധ കാരണങ്ങളാൽ റേഷൻ വിതരണ തീയതി നീട്ടിനൽകേണ്ടി വരുന്നുണ്ട്. അതാണ് ചില മാസങ്ങളിൽ കാലതാമസം നേരിടുന്നതെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |