വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ ഉടമകളും പ്രതികളാകുമെന്ന് എക്‌സൈസിന്റെ മുന്നറിയിപ്പിനെതിരെ വിമർശനവുമായി അഭിഭാഷകൻ ശ്രീജിത്ത് പെരുമന. ടൂറിസ്റ്റ് ബസ്സുകൾക്ക് വെള്ള പെയിന്റ് അടിച്ച് ബസ് അപകടങ്ങൾ ഇല്ലാതാക്കുകയും, ബോട്ടിലിൽ പെട്രോൾ നൽകാതെ പെട്രോൾ അക്രമങ്ങൾ തടഞ്ഞതുപോലെയും ലോകത്തിന് മാതൃകയായി ലഹരി ഇല്ലാതെയാക്കാൻ നമ്പർ വൺ സാക്ഷര കേരളത്തിൽ നടത്തുന്ന ഉട്ടോപ്യൻ നിയമ പരിഷ്‌ക്കരങ്ങൾ എന്നാണ് ശ്രീജിത്ത് പെരുമന ഈ മുന്നറിയിപ്പിനെ വിശേഷിപ്പിച്ചത്. ഈ പരിഷ്കാരങ്ങളൊക്കെ മന്ത്രി അറിയുന്നുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു.
'വാടകയ്ക്ക് നൽകിയ വീട്ടിൽ ആരെങ്കിലും കഞ്ചാവ് വലിക്കുന്നുണ്ടോ എന്നോ, ബീഫ് കറി വെക്കുന്നുണ്ടോ എന്നോ നോക്കി നടക്കേണ്ടത് ഉടമസ്ഥന്റെ ജോലിയല്ല. എന്നാൽ എന്തെങ്കിലും നിയമവിരുദ്ധ പ്രവൃത്തികൾ കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ട് എന്ന് അറിവ് കിട്ടിയാലോ, കണ്ടെത്തിയാലോ നിയമപാലകരെ അത് എക്സൈസ് ആയാലും പൊലീസ് ആയാലും അറിയിക്കേണ്ടത് ഓരോ പൊതുജനത്തിനും ഉള്ളതുപോലെ തന്നേ ഉടമസ്ഥന്റെയും ഉത്തരവാദിത്തമാണ്. വാടക വീട്ടിൽ എന്നല്ല സ്വന്തം വീട്ടിലോ, ആപ്പീസിലോ, എവിടെയും നിരോധിത ലഹരികൾ ഉപയോഗിക്കരുത് എന്നാണ് നിയമം. അതിൽ വാടക വീടിനെന്താ സ്പെഷ്യൽ മെൻഷൻ'- ശ്രീജിത്ത് പെരുമന ചോദിച്ചു.
ശ്രീജിത്ത് പെരുമനയുടെ കുറിപ്പിന്റെ പൂർണരൂപം
വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ ഉടമകളും പ്രതികളാകുമെന്ന് എക്സൈസിന്റെ കർശന മുന്നറിയിപ്പ്' വന്നെത്രേ. കേട്ടിട്ട് ചിരി അടക്കാൻ പറ്റുന്നില്ല. എന്തോന്നെടെ ഇതൊക്കെ ഉള്ളത് തന്നേ?
"വാടക വീട് ഈസ് എ ഡേർട്ടി ബിസിനസ്സ് "
ടൂറിസ്റ്റ് ബസ്സുകൾക്ക് വെള്ള പെയിന്റ് അടിച്ച് ബസ്സ് അപകടങ്ങൾ ഇല്ലാതാക്കുകയും, ബോട്ടിലിൽ പെട്രോൾ നൽകാതെ പെട്രോൾ അക്രമങ്ങൾ തടഞ്ഞതുപോലെയും ലോകത്തിന് മാതൃകയായി ലഹരി ഇല്ലാതെയാക്കാൻ നമ്പർ വൺ സാക്ഷര കേരളത്തിൽ നടത്തുന്ന ഉട്ടോപ്യൻ നിയമ പരിഷ്ക്കരങ്ങൾ.. ഇതൊക്കെ വകുപ്പും മന്ത്രിയുമൊക്കെ അറിയുന്നുണ്ടോ എന്നതാണ് ചോദ്യം?
1965 ലെ കേരള ബിൽഡിംഗ്സ് ആക്റ്റ് പ്രകാരമോ, അതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പ്രകാരമോ വാടക കരാർ ഉണ്ടാക്കി രജിസ്റ്റർ ചെയ്ത ശേഷം വാടകക്കാർ താമസിക്കുന്ന വീട്ടിലോ, വാടക കെട്ടിടങ്ങളിലൊ അവർ എന്ത് ചെയ്യുന്നു എന്ന് ഒളിഞ്ഞു നോക്കേണ്ട ബാധ്യതയൊന്നും ഉടമസ്ഥർക്കില്ല.
താമസക്കാരുടെ രേഖകൾ വേരിഫൈചെയ്ത ശേഷം കൃത്യമായ വാടക കരാർ നിയമനുസൃത്യം രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ഉടമസ്ഥനുള്ളതുപോലെതന്നെ ഉടമസ്ഥാവകാശം ഒഴികെയുള്ള എല്ലാ അവകാശങ്ങളും (കരാർ വ്യവസ്ഥകൾക്ക് അനുസൃതമായി ) വാടകക്കാർക്കും ഉണ്ട്. അത് സ്വകാര്യതയുടെ കാര്യത്തിൽ ആയാലും ജീവിതത്തിന്റെ കാര്യത്തിൽ ആയാലും.
വാടകയ്ക്ക് നൽകിയ വീട്ടിൽ ആരെങ്കിലും കഞ്ചാവ് വലിക്കുന്നുണ്ടോ എന്നോ, ബീഫ് കറി വെക്കുന്നുണ്ടോ എന്നോ നോക്കി നടക്കേണ്ടത് ഉടമസ്ഥന്റെ ജോലിയല്ല. എന്നാൽ എന്തെങ്കിലും നിയമവിരുദ്ധ പ്രവൃത്തികൾ കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ട് എന്ന് അറിവ് കിട്ടിയാലോ, കണ്ടെത്തിയാലോ നിയമപാലകരെ അത് എക്സൈസ് ആയാലും പോലീസ് ആയാലും അറിയിക്കേണ്ടത് ഓരോ പൊതുജനത്തിനും ഉള്ളതുപോലെ തന്നേ ഉടമസ്ഥന്റെയും ഉത്തരവാദിത്തമാണ്. വാടക വീട്ടിൽ എന്നല്ല സ്വന്തം വീട്ടിലോ, ആപ്പീസിലോ, എവിടെയും നിരോധിത ലഹരികൾ ഉപയോഗിക്കരുത് എന്നാണ് നിയമം. അതിൽ വാടക വീടിനെന്താ സ്പെഷ്യൽ മെൻഷൻ.
എന്നാൽ വാടകക്കാരൻ കഞ്ചാവ് വലിച്ചതിന്റെ പേരിൽ ഉടമയ്ക്കെതിരെ കേസെടുക്കാൻ തത്കാലം ഒരു നിയമപ്രകാരവും ഈ നാട്ടിൽ എക്സൈസിനോ, പോലീസിനോ അധികാരമില്ല. എന്നാൽ ഉടമയുടെ അറിവോടെ നടക്കുന്ന കുറ്റകൃത്യമാണ് എന്ന് കണ്ടെത്തുകയാണെങ്കിൽ ഉടമയ്ക്കെതിരെ കേസെടുക്കാം എന്ന് മാത്രം അത് ഏത് കാര്യത്തിലും എന്നതുപോലെ ഈ കാര്യത്തിലും ബാധകമാണ് എന്നത് കോമൺ സെൻസാണ്.
ലഹരിക്കെതിരെ ബോധവത്കരണം അത്യന്താപേക്ഷിതമാണ്.. പ്രത്യേകിച്ച് വാടക വീടുകൾ കേന്ദ്രീകരിച്ച് കുറ്റകൃത്യങ്ങൾ കൂടുന്ന ഘട്ടത്തിൽ വാടകക്ക് വീടുകളോ, കെട്ടിടങ്ങളോ നൽകുമ്പോൾ കൃത്യമായ വാടക കരാർ ഉണ്ടാകണം അതോടൊപ്പം താമസക്കാരുടെ ഐഡന്റിറ്റി കൃത്യമായി വേരിഫൈ ചെയ്യണം, കരാർ നിയമപ്രകാരം രജിസ്റ്റർ ചെയ്യണം ഇതൊക്കെ ഉടമസ്ഥന്റെ ബാധ്യതയാണ് എന്നാൽ അവിടെ നടക്കുന്ന കുറ്റകൃത്യങ്ങൾക്കോ, മറ്റ് ഇടപാടുകൾക്കോ ഉടമസ്ഥൻ പ്രതിയാകുമെന്നൊക്കെ പറഞ്ഞാൽ അതങ്ങ് ഉത്തര കൊറിയയിൽ പോയി പറഞ്ഞാൽ മതി എന്ന് പറയാതിരിക്കാൻ വയ്യ.
വാടകയ്ക്ക് താമസിക്കുന്നവരുടെ വിവരങ്ങൾ ക്രമസമാധാനവും സുരക്ഷയും മുൻ നിർത്തി പോലീസിന് കൈമാറണം എന്ന് ആവശ്യപ്പെടാൻ പോലീസിന് അധികാരമുണ്ട് എന്നാൽ അങ്ങനെയൊരു ചട്ടം നിലവിൽ ഒരു നിയമത്തിലുമില്ല. എങ്കിലും പോലീസിന്റെ വിവേചന അധികാരം ഉപയോഗിച്ച് അത്തരത്തിലൊരു നിർദേശം നൽകാം. വാടക വീടുകളിൽ ലഹരി വ്യാപാരമോ, ഉപയോഗമോ നടക്കുന്നുണ്ട് എന്നറിഞ്ഞാൽ ഉടമയുടെ അനുമതി പോലുമില്ലാതെ റെയ്‌ഡ് ചെയ്യാനും കണ്ടെത്താനും നിയമനടപടികൾ സ്വീകരിക്കാനും പോലീസിനും, എക്സൈസിനും, ഉൾപ്പെടെ എല്ലാ സർക്കാർ ഏജൻസികൾക്കുമുണ്ട് അതിനിടയിൽ ഇത്രമൊരു ഉത്തരവ് (ഉത്തരവുണ്ടോ എന്നത് സ്ഥിരീകരിച്ചിട്ടില്ല, പത്രവർത്തകളാണ് അടിസ്ഥാനം ) ഒരു സാഹചര്യത്തിലും നിപനിൽക്കില്ല എന്ന് മാത്രമല്ല അത്തരത്തിൽ പ്രതിച്ചേർക്കുന്നത് അധികാര ദുർവിനിയോഗവും, നിയമവിരുദ്ധവുമകയാൽ ആപ്പീസർ ൽമാർ കുറച്ച് വെള്ളം കുടിക്കേണ്ടി വരും. അപ്പൊ കാര്യങ്ങൾ എങ്ങനെയാ "ഓപ്പറേഷൻ വാടക വീട് മുതലാളീസ് " തുടങ്ങുകയല്ലേ.
അഡ്വ ശ്രീജിത്ത് പെരുമന
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |