മലപ്പുറം: തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുമ്പ് സമസ്തയുമായുള്ള ഭിന്നത പരിഹരിക്കാനുള്ള മുസ്‌ലിം ലീഗിന്റെ നീക്കം പാളുന്നു. രണ്ട് സംഘടനകളും തമ്മിലെ പ്രധാന പ്രശ്നമായ സി.ഐ.സി (കോ-ഓർഡിനേഷൻ ഒഫ് ഇസ്‌ലാമിക് കോളേജസ്) വിഷയത്തിൽ സമസ്ത മുശാവറയുടെ നിർദ്ദേശങ്ങൾ നടപ്പാക്കുകയോ , സി.ഐ.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾ രാജി വയ്ക്കുകയോ വേണമെന്ന ഉറച്ച നിലപാടിലാണ് സമസ്ത.
മത, ഭൗതിക വാദങ്ങൾ സമന്വയിപ്പിച്ചുള്ള വിദ്യാഭ്യാസ രീതി നടപ്പാക്കുന്നതിന് 2002-ലാണ് സി.ഐ.സിക്ക് രൂപമേകിയത്. അന്ന് മുതൽ പാണക്കാട് തങ്ങൾ കുടുംബവും ലീഗിനോട് അടുത്തു നിൽക്കുന്ന സമസ്ത നേതാക്കളുമാണ് ഇതിന്റെ തലപ്പത്ത്. മത വിദ്യാഭ്യാസത്തിന്റെ കടിഞ്ഞാൺ ലീഗിന്റെ കൈകളിലെത്തിച്ച സി.ഐ.സിയെ കൈവിടുക
സാദിഖലി
തങ്ങൾക്ക് എളുപ്പമല്ല.
2023 ഡിസംബറിൽ സമർപ്പിച്ച നിർദ്ദേശങ്ങൾ നടപ്പാക്കാത്തതിൽ സമസ്തക്ക് കടുത്ത അതൃപ്തിയുണ്ട്. സമസ്തയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതെന്ന വാദവുമായാണ്, നിലമ്പൂർ ഉപ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സമസ്തയിലെ ലീഗ് വിരുദ്ധർ പോർമുഖം തുറക്കുന്നത്. സാദിഖലി തങ്ങളെ വിമർശിച്ചതിന് കഴിഞ്ഞ മാസം പട്ടിക്കാട് ജാമിഅ നൂരിയ്യ കോളേജിൽ നിന്ന് സമസ്ത കേന്ദ്ര മുഷാവറാംഗവും അദ്ധ്യാപകനുമായ അസ്ഗറലി ഫൈസിയെ പുറത്താക്കിയിരുന്നു. സമസ്തയുടെ സ്ഥാപനമെങ്കിലും ജാമിഅയുടെ പ്രസിഡന്റ് സാദിഖലി തങ്ങളാണ്. അസ്ഗറലിയെ തിരിച്ചെടുക്കണമെന്ന സമസ്ത മുഷാവറ
യോഗത്തിന്റെ ആവശ്യത്തെ 40 മുശാവറാംഗങ്ങളിൽ 39 പേരും പിന്തുണച്ചു. മേയ് 4ന് എറണാകുളത്ത് സുന്നി പണ്ഡിതരുടെ സംഘടനയായ ജംഇയ്യത്തുൽ ഉലമ കോ-ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച വഖഫ് സംരക്ഷണ സമ്മേളനത്തിലേക്ക് സാദിഖലി തങ്ങളെ ക്ഷണിച്ചിരുന്നില്ല.
സമസ്തയുടെ
ആവശ്യങ്ങൾ
സമസ്തയുടെ പ്രധാന ആവശ്യങ്ങൾ ഇവയാണ്-: സി.ഐ.സി സംവിധാനം പൂർണ്ണമായും സമസ്തയ്ക്ക് കീഴിലാക്കണം. അക്കാഡമിക് കാര്യങ്ങൾ സമസ്തയുടെ മാർഗ നിർദ്ദേശമനുസരിച്ചാവണം. സമസ്തയെ ധിക്കരിക്കുന്ന തീരുമാനങ്ങൾ ഉണ്ടാവാൻ പാടില്ല. തർക്കങ്ങളിൽ അന്തിമ തീർപ്പ് സമസ്ത മുശാവറയുടേതാവണം. ജനറൽ ബോഡിയിൽ സമസ്ത നിർദ്ദേശിക്കുന്നവരെ നിയോഗിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |