തിരുവനന്തപുരം : ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന. എഴ് ജില്ലകളിൽ നിന്ന് 16,565 ലിറ്റർ സംശയാസ്പദമായ വെളിച്ചെണ്ണ പിടികൂടി. വെളിച്ചെണ്ണയുടെ വില വർദ്ധിക്കുന്ന സാഹചര്യത്തിൽ ഗുണനിലവാരം സംബന്ധിച്ച പരാതികൾ ലഭിച്ചതിനെ തുടർന്നാണ് പരിശോധനകൾ കടുപ്പിച്ചതെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. കൊല്ലത്ത് നിന്നാണ് ഏറ്റവുമധികം വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തത്. വ്യാജ എഫ്.എസ്.എസ്.എ.ഐ. നമ്പരിലും വ്യാജ വിലാസത്തിലും പായ്ക്ക് ചെയ്ത് വിൽപ്പനയ്ക്കായി തയ്യാറാക്കിയ 5800 ലിറ്റർ കേര സൂര്യ, കേര ഹരിതം ബ്രാൻഡ് വെളിച്ചെണ്ണ ഉൾപ്പെടെ 9337 ലിറ്റർ വെളിച്ചെണ്ണയാണ് പിടിച്ചെടുത്തത്. മണ്ണാറശാല പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്നും നിലവാരമില്ലാത്ത 2480 ലിറ്റർ ഹരി ഗീതം വെളിച്ചെണ്ണയും ആലപ്പുഴയിൽ നിന്ന് 6530 ലിറ്റർ വ്യാജ വെളിച്ചെണ്ണയും പിടിച്ചെടുത്തു. കൊല്ലം,ആലപ്പുഴ ജില്ലകൾക്ക് പുറമേ തിരുവനന്തപുരം,കോട്ടയം,എറണാകുളം ,കോഴിക്കോട്,കണ്ണൂർ ജില്ലകളിലാണ് പരിശോധന നടന്നത്. 11സ്റ്റാറ്റിറ്റ്യൂട്ടറി സാമ്പിളുകളും 20സർവൈലൻസ് സാമ്പിളുകളും ശേഖരിച്ചു. വിവിധ ജില്ലകളിലെ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണർമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡുകളാണ് പരിശോധനകൾ നടത്തിയത്. വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച പരാതികൾ ടോൾഫ്രീ നമ്പരായ 1800 425 1125 ലേക്ക് അറിയിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |