
കറാച്ചി: പാകിസ്ഥാനിൽ പശ നിർമാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ 15 തൊഴിലാളികൾ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. അതിനാൽ മരണസംഖ്യ ഉയരാൻ സാദ്ധ്യതയുണ്ട്. പഞ്ചാബ് പ്രവിശ്യയിൽ ഫൈസലാബാദിലെ വ്യാവസായിക കേന്ദ്രത്തിലായിരുന്നു സ്ഫോടനം.
സ്ഫോടനത്തിൽ ഫാക്ടറി കെട്ടിടത്തിനും സമീപത്തെ വീടുകൾക്കും കാര്യമായ നാശനഷ്ടമുണ്ടായി. പൊട്ടിത്തെറിക്ക് പിന്നാലെ ഫാക്ടറിയിൽ തീപിടിത്തവുമുണ്ടായി. ഇത് പ്രദേശത്ത് പരിഭ്രാന്തിപരത്തി. അപകടമുണ്ടായ ഉടൻ ഓടിരക്ഷപ്പെട്ട ഫാക്ടറി ഉടമയ്ക്കുവേണ്ടി പൊലീസ് അന്വേഷണമാരംഭിച്ചു. സ്ഫോടനത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ഫാക്ടറി ഉടമയെ ഉടൻ പിടികൂടുമെന്നും പ്രാദേശിക ഭരണാധികാരി അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് ഷെരീഫ് അനുശോചനം അറിയിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
സുരക്ഷാ മുൻകരുതലുകൾ ഏർപ്പെടുത്താത്തതാണ് സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വലിയ ഫാക്ടറികളിലുൾപ്പെടെ സുരക്ഷാ മുൻകരുതൽ സ്വീകരിക്കാത്തതിന്റെ പേരിലുള്ള അപകടങ്ങൾ പാകിസ്ഥാനിൽ തുടർക്കഥയാണ്. കഴിഞ്ഞയാഴ്ച തുറമുഖ നഗരമായ കറാച്ചിയിലെ പടക്കനിർമാണഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ നാലുപേരാണ് മരിച്ചത്.
2024ൽ പശനിർമാണ ഫാക്ടറിയിലേതിനുസമാനമായ മറ്റൊരു സ്ഫോടനത്തിൽ ഒരുഡസൻ തൊഴിലാളികൾക്കാണ് പരിക്കേറ്റത്. അപകടമുണ്ടാകുമ്പോൾ പേരിനുവേണ്ടിയുള്ള അന്വേഷണമല്ലാതെ കുറ്റക്കാർക്കെതിരെ ഒരുതരത്തിലുള്ള നടപടിയും ഉണ്ടാവാറില്ല. അപകടങ്ങൾ കൂടുന്നതിന് ഇതും ഒരുകാരണമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയാണ് ഫാക്ടറിയുടമകൾ തലയൂരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |