
ന്യൂഡല്‍ഹി: രാജ്യത്തെ പല നരഗങ്ങളിലും വായുമലിനീകരണ തോത് വര്‍ദ്ധിച്ചിരിക്കുകയാണ്. രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയാണ് ഇക്കാര്യത്തില്‍ മുന്നിലുള്ളത്. ദീപാവലി ആഘോഷങ്ങള്‍ കഴിഞ്ഞതോടെ പല നഗരങ്ങളിലും എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (എക്യുഐ) മോശകരമായി മാറിയിട്ടുണ്ട്. ഡല്‍ഹിയും സമീപ നഗരങ്ങളും ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ വായുമലിനീകരണത്തിനെതിരെ കര്‍ശനമായ പരിഹാര മാര്‍ഗങ്ങള്‍ തേടുകയാണ് അധികൃതര്‍.
വായുമലിനീകരണ തോത് വര്‍ദ്ധിക്കുന്നതിനിടെ രാജ്യത്തെ മികച്ച എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് രേഖപ്പെടുത്തിയ പത്ത് നഗരങ്ങളുടെ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോള്‍. ആദ്യ പത്ത് സ്ഥാനങ്ങളില്‍ കേരളത്തില്‍ നിന്നുള്ള ഒരു നഗരം മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ശുദ്ധവായു ലഭിക്കുന്ന ആദ്യ പത്ത് സ്ഥാനങ്ങളില്‍ നാല് നഗരങ്ങള്‍ ദക്ഷിണേന്ത്യയില്‍ നിന്നാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് രേഖപ്പെടുത്തിയ മൂന്നാമത്തെ നഗരമെന്ന സ്ഥാനം ഉള്‍പ്പെടെ കരസ്ഥമാക്കിയത് കണ്ണൂര്‍ ആണ്.
കേരളത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ നഗരമായ കണ്ണൂര്‍ മികച്ച എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സിന്റെ കാര്യത്തില്‍ രാജ്യത്ത് നാലാം സ്ഥാനത്താണ്. കര്‍ണാടകയിലെ കൂര്‍ഗ് ജില്ലയുടെ ആസ്ഥാനമായ മടിക്കേരിയാണ് പട്ടികയില്‍ ഒന്നാമതുള്ളത്. രണ്ടാം സ്ഥാനം തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ നഗരത്തിനാണ്. മൂന്നാം സ്ഥാനം തമിഴ്‌നാട്ടില്‍ നിന്ന് തന്നെയുള്ള തിരുന്നല്‍വേലിക്കാണ്. ദീപാവലി ആഘോഷങ്ങള്‍ വ്യാപകമായി നടക്കുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള രണ്ട് നഗരങ്ങള്‍ ആദ്യ മൂന്ന് സ്ഥാനത്ത് തന്നെ എത്തിയത് സവിശേഷതയായി.
നാലാം സ്ഥാനം കണ്ണൂരിന് ലഭിച്ചപ്പോള്‍ മിസോറാമിലെ ഐസ്വാള്‍ അഞ്ചാം സ്ഥാനവും, ഉത്തര്‍പ്രദേശിലെ വാരാണസി ആറാം സ്ഥാനവും കരസ്ഥമാക്കി. ഉത്തരാഖണ്ഡ് നഗരമായ ഋഷികേശിന് ഏഴാം സ്ഥാനം കിട്ടിയപ്പോള്‍ എട്ട് ഒമ്പത് പത്ത് സ്ഥാനങ്ങളില്‍ യഥാക്രമം ഉത്തരാഖണ്ഡില്‍ നിന്നുള്ള കാശിപൂര്‍, രാജസ്ഥാനിലെ ജോധ്പൂര്‍, ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ എന്നിവയുമാണ് പട്ടികയില്‍ ഇടംപിടിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |