പാലക്കാട്: ശ്രീകൃഷ്‌ണപുരം സെന്റ് ഡൊമിനിക്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആശിർനന്ദയുടെ മരണത്തിൽ ബാലവകാശ കമ്മീഷൻ കേസെടുത്തു. ജില്ലാ ശിശുസംരക്ഷണ സമിതി സ്‌കൂൾ അധികൃതരിൽ നിന്ന് വിശദമായ റിപ്പോർട്ടും തേടിയിട്ടുണ്ട്.
തച്ചനാട്ടുകര ചോളോടുള്ള ആശിർനന്ദയുടെ വീടും പഠിച്ച സ്‌കൂളും കമ്മീഷൻ ചെയർമാൻ കെവി മനോജ് കുമാർ സന്ദർശിച്ചു. കുട്ടികൾക്ക് അനുകൂലമായ സാഹചര്യം സ്‌കൂളിൽ വളർത്തിയെടുക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. കുട്ടികൾക്ക് ആഘാതമില്ലാത്ത രീതിയിൽ വേണം സ്‌കൂളിന്റെ തുടർപ്രവർത്തനമെന്നും കമ്മീഷൻ നിർദേശിച്ചു. തിങ്കളാഴ്‌ച കുട്ടികൾ സ്‌കൂളിലെത്തുമ്പോൾ ആവശ്യമായ ക്ലാസും കൗൺസിലിംഗും നൽകണമെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു. സംഭവത്തിൽ പൊലീസിൽ നിന്നുള്ള റിപ്പോർട്ടും ബാലാവകാശ കമ്മീഷൻ തേടിയിട്ടുണ്ട്.
ക്ളാസ് ടെസ്റ്റിൽ ഒന്നര മാർക്ക് കുറഞ്ഞതിന് മാനസികപീഡനം നേരിട്ടതിനെ തുടർന്നാണ് ആശിർനന്ദ ആത്മഹത്യ ചെയ്‌തത്. സംഭവത്തിൽ കഴിഞ്ഞ ദിവസം ശക്തമായ പ്രതിഷേധം ഉണ്ടായി. ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക്ക്സ് സ്‌കൂളിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ഇവർ സ്‌കൂളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു.
അതിനിടെ, സംഭവത്തിൽ വീഴ്ചപറ്റിയെന്ന് സ്‌കൂൾ മാനേജ്‌മെന്റ് സമ്മതിച്ചു. ആരോപണവിധേയരായ അഞ്ചുപേരെയും പുറത്താക്കി. മാർക്കിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ ഇനി ക്ലാസ് മാറ്റിയിരുത്തില്ല. കഴിഞ്ഞദിവസം പുറത്താക്കിയ പ്രിൻസിപ്പലിന്റെ ചുമതല വൈസ് പ്രിൻസിപ്പലിന് നൽകി.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ആശിർനന്ദ ആത്മഹത്യ ചെയ്തത്. പിന്നാലെ അദ്ധ്യാപകർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തുവന്നിരുന്നു. പ്രതിഷേധം കടുത്തതോടെ ആരോപണവിധേയരായ സ്‌കൂൾ പ്രിൻസിപ്പൽ ഒപി ജോയിസി, അദ്ധ്യാപികമാരായ സ്റ്റെല്ല ബാബു, എടി തങ്കം എന്നിവരെ പുറത്താക്കിയിരുന്നു. ഇവരെ കൂടാതെ അമ്പിളി, അർച്ചന എന്നീ അദ്ധ്യാപകരെ പുറത്താക്കാനാൻ മാനേജ്മെന്റ് തയ്യാറായി.
ആത്മഹത്യാക്കുറിപ്പിൽ പേരുള്ള അദ്ധ്യാപകരെ മുഴുവൻ പുറത്താക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടപ്പോൾ അദ്ധ്യാപകരിൽ രണ്ടുപേരെ സസ്‌പെൻഡ് ചെയ്യാമെന്നാണ് മാനേജ്‌മെന്റും പിടിഎയും ആദ്യം നിലപാടെടുത്തത്. ഇത് അംഗീകരിക്കില്ലെന്ന് വിദ്യാർത്ഥി സംഘടനാ നേതാക്കളും രക്ഷിതാക്കളും അറിയിച്ചു. തുടർന്നാണ് അഞ്ചുപേരെയും പുറത്താക്കാൻ തയ്യാറായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |