കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർക്ക് ഹൃദയാഘാതം. ഇന്നലെ മറ്റൊരു സ്വർണക്കടത്ത് കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് സംഭവം. വിധി കേട്ടുകഴിഞ്ഞ് ഭാര്യയ്‌ക്കും ബന്ധുവിനുമൊപ്പം തിരുവനന്തപുരത്തെ വീട്ടിലേക്ക് പോകാൻ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ നാല് ബ്ലോക്കുകളുണ്ടെന്ന് കണ്ടെത്തി. ആഞ്ജിയോഗ്രാം ചെയ്‌തു. ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലാണ് സന്ദീപ്.
നയതന്ത്ര സ്വർണക്കടത്ത് കേസിൽ സ്വപ്‌നാ സുരേഷ്, പിഎസ് സരിത്ത് എന്നിവർക്കൊപ്പം മുഖ്യ പ്രതികളിലൊരാളാണ് സന്ദീപ് നായർ. കേസിൽ ഒന്നേകാൽ വർഷത്തോളം കോഫെപോസ കരുതൽ തടങ്കലിലായിരുന്ന സന്ദീപ് 2021 ഒക്‌ടോബറിൽ ജയിൽ മോചിതനായിരുന്നു. നയതന്ത്ര സ്വർണക്കടത്ത് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന സ്വപ്‌നയെയും സന്ദീപിനെയും 2020 ജൂലായ് 11ന് ബംഗളൂരുവിൽ നിന്നാണ് എൻഐഎ അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തത്. തൊട്ടുപിന്നാലെ കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് എന്നീ അന്വേഷണ സംഘങ്ങളും സന്ദീപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എൻഐഎ, കസ്റ്റംസ് കേസുകളിൽ നാലാം പ്രതിയും ഇഡി കേസിൽ മൂന്നാം പ്രതിയുമാണ് സന്ദീപ് നായർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |