തിരുവനന്തപുരം:ചാൻസലർ കൂടിയായ ഗവർണറോട് അനാദരവ് കാട്ടിയ രജിസ്ട്രാർ അനിൽകുമാറിനെ സസ്പെൻഡ് ചെയ്തത് കോടതിയിലെത്തിയ സാഹചര്യത്തിൽ ഇന്ന് രാവിലെ 11ന് കേരള സർവ്വകലാശാലാ സിൻഡിക്കേറ്റിന്റെ പ്രത്യേക യോഗം ചേരുമെന്ന് താൽക്കാലിക വൈസ് ചാൻസലർ സിസ തോമസ് അറിയിച്ചു.ഹൈക്കോടതിയിൽ സർവകലാശാലയുടെ സത്യവാങ്മൂലം നൽകുന്നതിന് മുമ്പ് സിൻഡിക്കേറ്റിൽ വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഇടത് കോൺഗ്രസ് അംഗങ്ങൾ നൽകിയ കത്ത് പരിഗണിച്ചാണ് നടപടി.
സർവകലാശാലയ്ക്ക് വേണ്ടി വി.സി കോടതിയിൽ ഫയൽ ചെയ്യുന്ന സത്യവാങ്മൂലം തങ്ങൾ അംഗീകരിച്ചു മാത്രമേ നൽകാൻ പാടുള്ളുവെന്നും അതു മാത്രമാണ് യൂണിവേഴ്സിറ്റി സ്റ്റാൻഡിങ് കൗൺസൽ കോടതിയിൽ സമർപ്പിക്കേണ്ടതെന്നുമുള്ള സിൻഡിക്കേറ്റ് അംഗങ്ങളുടെ ആവശ്യം വി.സി നിരാകരിച്ചു. വൈസ് ചാൻസലർ നൽകേണ്ട സത്യവാങ്മൂലം എന്തായിരിക്കണമെന്ന് വി.സി തീരുമാനിക്കുമെന്ന് നിലപാടെടുത്തു. സർവ്വകലാശാലയും വി.സിയും വ്യത്യസ്ത നിലപാടുകളിലാണെന്ന് കോടതിക്ക് ബോധ്യപ്പെട്ട സാഹചര്യത്തിൽ വി.സിക്കുവേണ്ടി സീനിയർ അഭിഭാഷകനെ ചുമതല പെടുത്താനും വി.സി ഉത്തരവിട്ടു.
സത്യവാങ്മൂലം നൽകുന്നതുമായി ബന്ധപ്പെട്ട് സർവ്വകാലാശാല ആസ്ഥാനത്തെ പി.ആർ.ഒ.ഓഫീസിൽ വൈസ് ചാൻസലർ സിസതോമസ് നേരിട്ടെത്തി ഫയൽ പരിശോധിച്ചത് തടയാൻ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ ശ്രമിച്ചത് തർക്കത്തിനിടയാക്കി.
പി .ആർ. ഒ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ പങ്കെടുത്ത പൊതുപരിപാടിക്ക് അനുവദിച്ച സെനറ്റ് ഹാൾ രജിസ്ട്രാർ റദ്ദ് ചെയ്തതെന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട രജിസ്ട്രാർ കോടതിയിൽ വിശദീകരിച്ചിരുന്നു.ഇതിന്റെ നിജ സ്ഥിതി പരിശോധിക്കുന്നതിനായാണ് പി ആർ ഒയുടെ ഓഫീസിൽ നേരിട്ട് ചെന്ന് കമ്പ്യൂട്ടർ പരിശോധിച്ച് വൈസ് ചാൻസലർ സ്‌ക്രീൻ ഷോട്ട് എടുത്തത്.
പി.ആർ.ഒ.സെക്ഷനിൽ വി.സി പ്രവേശിക്കാൻ പാടില്ലെന്നും രജിസ്ട്രാർ മുഖേന മാത്രമേ ഫയലുകൾ പരിശോധിക്കാൻ പാടുള്ളൂവെന്നും പറഞ്ഞ് സിൻഡിക്കേറ്റ് അംഗങ്ങൾ എതിർത്തു.
ഏത് ഓഫീസിൽ എപ്പോൾ പോകണമെന്നും എന്ത് പരിശോധിക്കണമെന്നും തീരുമാനിക്കാനുള്ള അധികാരം തനിക്കുണ്ടെന്നും തടയാൻ ശ്രമിക്കുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും വൈസ് ചാൻസലർ മുന്നറിയിപ്പ് നൽകി. പിൻമാറിയ ഇടത് അംഗങ്ങൾ സിൻഡിക്കേറ്റ് യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് വി.സിയെ നേരിട്ട് കാണാൻ എത്തിയതാണെന്ന് അറിയിച്ചു. കാണണമെങ്കിൽ വി.സിയുടെ ചേമ്പറിൽ വരുവാൻ സിസാ തോമസ് നിർദ്ദേശിച്ചു. വൈസ് ചാൻസലറുടെ ഓഫീസിലെത്തിയ ഇടത് അംഗങ്ങളും ബി.ജെ.പി.അംഗങ്ങളും സിൻഡിക്കേറ്റ് യോഗത്തെ ചൊല്ലി വാഗ്വാദവും ഉണ്ടായി. സിൻഡിക്കേറ്റ് ചേരുന്ന കാര്യത്തിൽ വി.സി.യുടെ നിലപാട് പിന്നീട് അറിയിക്കാമെന്ന് പറഞ്ഞാണ് സംഘർഷ സാധ്യത ഒഴിവാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |