ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ലോക്‌സഭയിലെ ചർച്ച ആരംഭിച്ച ദിവസം തന്നെ പഹൽഗാം ഭീകരരെ വധിച്ചതിലൂടെ ചെറുതല്ലാത്ത മേൽക്കൈയാണ് കേന്ദ്രസർക്കാരിന് ലഭിച്ചത്. ഇന്നലെ ലോക്‌സഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഓപ്പറേഷൻ മഹാദേവിനെ പിടിവള്ളിയാക്കി. കേന്ദ്രത്തിന്റെ ഭീകരവിരുദ്ധ പോരാട്ടങ്ങളെക്കുറിച്ച് എടുത്തുപറഞ്ഞു. പഹൽഗാം ഭീകരാക്രമണം നടത്തിയവരെയും അവരെ അയച്ചവരെയും തകർത്തെന്ന് വ്യക്തമാക്കി. കോൺഗ്രസ് ഭരണകാലത്തെ നിശിതമായി വിമർശിച്ചു. ജവഹർലാൽ നെഹ്‌റു, ഇന്ദിരാ ഗാന്ധി, സോണിയാ ഗാന്ധി, പി. ചിദംബരം തുടങ്ങിയവർക്കെതിരെ രൂക്ഷമായ ആക്രമണമഴിച്ചുവിട്ടു. അതേസമയം, പഹൽഗാമിലെ സുരക്ഷാവീഴ്ച പ്രതിപക്ഷം ഉന്നയിച്ചു.
പാക് അധീന കാശ്‌മീർ
നെഹ്റുവിന്റെ തെറ്ര്
മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരെ അമിത് ഷാ ആഞ്ഞടിച്ചു. പാക് അധീന കാശ്‌മീർ നെഹ്റുവിന്റെ തെറ്രാണ്. കാശ്‌മീരിന്റെ ഒരുഭാഗം പാകിസ്ഥാൻ പിടിച്ചടക്കി വച്ചിരിക്കുന്നതിന്റെ ഒരേയൊരു ഉത്തരവാദി നെഹ്റുവാണ്. 1948ൽ പാക് അധീന കാശ്‌മീർ തിരിച്ചുപിടിക്കാൻ കരസേന തയാറായിരുന്നെങ്കിലും നെഹ്റു ഏകപക്ഷീയമായി വെടിനിറുത്തൽ പ്രഖ്യാപിച്ചു. പാകിസ്ഥാന് ജലം നൽകി. ചൈനയോട് നെഹ്റുവിന് മൃദുനിലപാടായിരുന്നു. ചൈന ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിൽ അംഗമാണ്. അതിനും കാരണം നെഹ്റുവാണ്. 1971ൽ 93,000 പാക് സൈനികർ കീഴടങ്ങി. അന്നത്തെ ഇന്ദിരാ ഗാന്ധി സർക്കാർ പാക് അധീന കാശ്‌മീർ തിരികെ പിടിച്ചില്ല. 2004 -2014ൽ 7217 ഭീകരാക്രമണങ്ങൾ കാശ്‌മീരിലുണ്ടായി. കോൺഗ്രസ് എന്തുചെയ്‌തു? 2015 - 2025ൽ മോദി സർക്കാർ ഭരണത്തിൽ 70 ശതമാനം ആക്രമണങ്ങൾ കുറയ്‌ക്കാൻ സാധിച്ചു. ഭീകരതയുടെ ഇരകളാണ് തങ്ങളെന്ന പാകിസ്ഥാൻ അവകാശവാദം മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും ആവർത്തിച്ചിരുന്നുവെന്ന് കുറ്റപ്പെടുത്തി.
തിരിച്ചടിച്ച് പ്രിയങ്ക
ഡൽഹി ബാട്ല ഹൗസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരർക്കായി കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി കണ്ണീരൊഴുക്കിയെന്ന് അമിത് ഷാ ആരോപിച്ചതിനോട് പ്രിയങ്ക ഗാന്ധി തിരിച്ചടിച്ചു. ഭർത്താവും മുൻപ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായപ്പോഴാണ് ഭാര്യ സോണിയ കരഞ്ഞതെന്ന് വ്യക്തമാക്കി. പഹൽഗാമിലെ സുരക്ഷാ വീഴ്ചയെ കുറിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ചോദ്യമുന്നയിച്ചു. വീഴ്ചയുടെ ഉത്തരവാദിത്വം അമിത് ഷാ ഏറ്റെടുക്കണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ രാജ്യസഭയിൽ ആവശ്യപ്പെട്ടു. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സർവകക്ഷിയോഗം വിളിച്ചപ്പോൾ പ്രതിപക്ഷ പാർട്ടികൾ കേന്ദ്രസർക്കാരിനൊപ്പം നിൽക്കുകയാണ് ചെയ്‌തതെന്ന് ഡി.എം.കെ എം.പിയായ കനിമൊഴി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |