കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയടക്കമുള്ളവരുടെ പങ്ക് അന്വേഷിക്കാൻ ഇ.ഡിക്കും കസ്‌റ്റംസിനും നിർദ്ദേശം നൽകണമെന്നും അന്വേഷണത്തിന് മേൽനോട്ടം വഹിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയത് സർക്കാരിന് ആശ്വാസമായി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഹർജി തള്ളിയത്.
പാലാ സ്വദേശിയും സ്വപ്ന സുരേഷിന് ജോലി നൽകിയ എച്ച്.ആർ.ഡി.എസ് എന്ന ആദിവാസി ക്ഷേമ സംഘടനയുടെ ഡയറക്ടറുമായ അജി കൃഷ്‌ണനായിരുന്നു ഹർജിക്കാരൻ. സ്വർണം, ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും ഉൾപ്പെടെ പങ്കുണ്ടെന്ന് പ്രതികളായ സ്വപ്‌നയും സരിത്തും പലതവണ വെളിപ്പെടുത്തിയിട്ടും അന്വേഷണമുണ്ടായില്ലെന്നാണ് ഹർജിയിലെ ആരോപണം. ആർ.എസ്.എസ് അനുകൂല സംഘനയാണ് എച്ച്.ആർ.ഡി.എസെന്നും ഹർജി രാഷ്ട്രീയ പ്രേതിരമെന്നും സി.പി.എമ്മും സർക്കാരും ആക്ഷേപമുന്നയിച്ചിരുന്നു.
ഉന്നതരുടെ പങ്കാളിത്തത്തെക്കുറിച്ച് പരാമർശമുണ്ടായതിനെത്തുടർന്ന് അന്വേഷണം നടത്തി സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ വെവ്വേറെ കുറ്റപത്രം എറണാകുളം അഡി. സി.ജെ.എം കോടതിയിൽ സമർപ്പിച്ചെന്ന് കസ്റ്റംസ് വ്യക്തമാക്കി. ഇതു കണക്കിലെടുത്ത ഹൈക്കോടതി, കുറ്റപത്രം നൽകിയ കേസിൽ അപൂർവ സാഹചര്യമില്ലെങ്കിൽ തുടരന്വേഷണത്തിന് ഉത്തരവിടാനാവില്ലെന്നു വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിപ്പിക്കൽ തടയൽ നിയമപ്രകാരം ഇ.ഡി രണ്ടു കേസെടുത്തിട്ടുണ്ടെന്ന് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ വ്യക്തമാക്കി. അന്വേഷണം ശരിയായ രീതിയിലല്ലെന്നതിന് തെളിവില്ലാത്തതിനാൽ കോടതി മേൽനോട്ടം വഹിക്കേണ്ടതില്ലെന്നും സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടു.
സമാന ഹർജികൾ
നേരത്തേ തള്ളിയത്
സ്വപ്നയ്ക്ക് ജോലി നൽകിയത് ഹർജിക്കാരനാണെന്നത് മറച്ചുവച്ചെന്നും സമാന ആവശ്യമുന്നയിച്ച് നേരത്തെ നൽകിയ രണ്ടു ഹർജികൾ ഹൈക്കോടതി തള്ളിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയ അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്‌ണക്കുറുപ്പ് ഹർജി നിലനിൽക്കില്ലെന്ന് വാദിച്ചു
ചില വിവരങ്ങൾ ഹർജിക്കാരൻ മറച്ചുവച്ചത് ഹർജി തള്ളാൻ കാരണമല്ലെങ്കിലും സമാന ഹർജികൾ ഡിവിഷൻ ബെഞ്ച് നേരത്തേ തള്ളിയതിനാൽ ഇതും നിലനിൽക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു. നേരത്തേ വാദം കേട്ടു തള്ളിയ ആവശ്യമുന്നയിച്ച് മറ്റൊരാൾക്ക് ഹർജി നൽകാനാവില്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |