തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചുള്ള ഡോക്യുമെന്ററി വിവാദമായതോടെ വിശദീകരണവുമായി സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ രംഗത്ത്. സർക്കാരിന്റെ ഭരണനേട്ടമാണ് ചിത്രീകരിക്കുന്നതെന്നും വ്യക്തിപൂജയല്ല ഡോക്യുമെന്ററിയിലുള്ളതെന്നുമാണ് സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്റെ പ്രതികരണം. ഡോക്യുമെന്ററി നിർമ്മിക്കാനുള്ള തീരുമാനം സംഘടന ഒറ്റക്കെട്ടായി എടുത്തതാണ്. സംഘടനയുടെ ഫണ്ടിൽ നിന്നാണ് പണം നൽകുന്നതെന്നും നേതൃത്വം വ്യക്തമാക്കി.
'പിണറായി ദ ലെജൻഡ്' എന്ന പേരിൽ ഡോക്യുമെന്ററി നിർമ്മിക്കുന്നതെന്നാണ് വിവരം. സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി തലസ്ഥാനത്ത് ഡോക്യൂമെന്ററി പ്രദർശിപ്പിക്കും. പതിനഞ്ച് ലക്ഷം രൂപയാണ് ചെലവെന്നാണ് റിപ്പോർട്ട്. നേമം സ്വദേശിയാണ് ഡോക്യുമെന്ററിയുടെ സംവിധായകൻ. നേതാവിന്റെ ജീവചരിത്രവും ഭരണനേട്ടങ്ങളും നേതൃപാടവും ഉൾക്കൊള്ളുന്നതാണ് പ്രമേയം. നേരത്തെ അസോസിയേഷൻ സുവർണജൂബിലി മന്ദിര ഉദ്ഘാടനത്തിന് പിണറായി എത്തുമ്പോൾ പാടാൻ തയ്യാറാക്കിയ വാഴ്ത്ത് പാട്ട് ഏറെ വിവാദമായിരുന്നു. പിന്നാലെയാണ് ഇപ്പോൾ ഡോക്യുമെന്ററി നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |