തിരുവനന്തപുരം: മലയാള സിനിമയുടെ മുഖവും മുഖശ്രീയുമായിരുന്ന അതുല്യനായ ചലച്ചിത്രകാരനെയാണ് ഷാജി എൻ കരുണിന്റെ വിയോഗത്തോടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ദേശീയ-അന്തർദേശീയ തലങ്ങളിൽ മലയാള സിനിമയെ നിതാന്തമായി അടയാളപ്പെടുത്തുകയും അതുവഴി മലയാളിയുടെ യശസുയർത്തുകയും ചെയ്ത ചലച്ചിത്രകാരനാണ് ഷാജി എൻ കരുൺ. ചലച്ചിത്രകാരൻ എന്ന നിലയിൽ ഛായാഗ്രാഹകനായും സംവിധായകനായും ലോകശ്രദ്ധ നേടിയ കലാകാരനാണ്. ഇത്തരത്തിൽ സിനിമയുടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അപൂർവ്വ പ്രതിഭകളേ ഉണ്ടാവൂ.
മലയാളത്തിലെ നവതരംഗ സിനിമയുടെ പ്രയോക്താവും പതാകാവാഹകനുമായിരുന്നു. കാൻമേളയുടെ ഔദ്യോഗിക വിഭാഗത്തിൽ തുടർച്ചയായ മൂന്നു ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെടുന്ന അപൂർവം സംവിധായകരിലൊരാളാകാനും അദ്ദേഹത്തിന് കഴിഞ്ഞു. ഷാജി എൻ. കരുണിന്റെ ചലച്ചിത്ര ജീവിതത്തിന് ഒടുവിലായി ജെ. സി ഡാനിയൽ അവാർഡ് സർക്കാരിന് വേണ്ടി സമർപ്പിക്കാൻ കഴിഞ്ഞതും ഇപ്പോൾ ഓർക്കുകയാണ്.
സംസ്ഥാന ചലചിത്ര വികസന കോർപ്പറേഷന്റെ രൂപീകരണത്തിൽ അദ്ദേഹം മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയായ ഐ.എഫ്.എഫ്.കെ ഇന്ന് കാണുന്ന തരത്തിലേക്ക് വളർത്തി എടുക്കുന്നതിൽ നിസ്തുല സംഭാവന നൽകി.
പുരോഗമന രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സഹയാത്രികനുമായിരുന്നു. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റായി പ്രവർത്തിക്കരികയായിരുന്നു.
അദ്ദേഹത്തിന്റെ വേർപാട് കേരളത്തിന്റെ വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ വേർപാടിൽ കടുത്ത ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |