തിരുവനന്തപുരം: അയ്യായിരത്തിലധികം തൊഴിലവസരങ്ങളാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഭാഗമായി നേരിട്ടു ലഭ്യമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. പ്രാദേശിക തലത്തിലെ ആശങ്കകൾ നീക്കാൻ അവിടുത്തെ പെൺകുട്ടികളെ ക്രെയിൻ പ്രവർത്തിപ്പിക്കുന്ന ജോലിയടക്കം ഏൽപ്പിച്ചു. തദ്ദേശീയ സ്ത്രീകൾക്കായി നൈപുണ്യ കേന്ദ്രങ്ങൾ തുറന്നു.
കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെയാകെ വികസനത്തെ വിഴിഞ്ഞം തുറമുഖം വലിയ തോതിൽ ഭദ്രമാക്കുമെന്ന കാര്യത്തിൽ സംശയമില്ല.
രാജ്യചരിത്രത്തിന്റെ വിസ്മൃതിയിൽ നിന്ന് വിഴിഞ്ഞത്തെ വീണ്ടെടുത്ത് നവീകരിച്ചു വികസിപ്പിച്ചു സാർവദേശീയ തുറമുഖമാക്കി മാറ്റിയത് കേരളത്തിലെ സർക്കാരിന്റെ ഇച്ഛാശക്തിയും നിശ്ചയദാർഢ്യവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഹാപ്രളയം, ഇതര പ്രകൃതിക്ഷോഭങ്ങൾ, കൊവിഡ് അടക്കമുള്ള മഹാവ്യാധികൾ എന്നിവയൊക്കെ സമ്പദ്ഘടനയെ ഉലച്ചുവെങ്കിലും കേരളം തളർന്നുനിന്നില്ല. നിർമ്മാണ കമ്പനിയായ അദാനിയും നല്ല രീതിയിൽ സഹകരിച്ചു.
വിഴിഞ്ഞത്ത് യാഥാർത്ഥ്യമായത് 1996 ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ രൂപപ്പെടുത്തിയ പദ്ധതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ഇടക്കാലത്ത് അനിശ്ചിതത്വത്തിലായ പദ്ധതിയുടെ പഠനത്തിനായി 2009 ൽ ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷനെ നിയോഗിച്ചു. 2010 ൽ ടെൻഡർ നടപടികളിലേക്കു കടന്നെങ്കിലും കേന്ദ്രം അനുമതി നിഷേധിച്ചു. 2015 ൽ ഒരു കരാറുണ്ടായി. കരാറിൽ പല തലത്തിലുള്ള വിമർശനങ്ങൾ നിലനിൽക്കുമ്പോഴും വിഴിഞ്ഞം പദ്ധതി നടപ്പാവുക തന്നെ വേണം എന്ന നിലപാടാണ് തങ്ങൾ കൈക്കൊണ്ടത്. 2016 ൽ അധികാരത്തിൽ വന്നതിനെത്തുടർന്നുള്ള ഘട്ടത്തിൽ ബൃഹദ് തുറമുഖമായി വിഴിഞ്ഞം വളരുന്നതിനുള്ള നിലപാടുകൾ സ്വീകരിച്ചു. അതാണ് വിഴിഞ്ഞത്തെ ഇന്നത്തെ നിലയിൽ യാഥാർത്ഥ്യമാക്കി മാറ്റിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |