'റിയാസ് ജയിച്ചാൽ ഞാൻ കോഴിക്കോട് അങ്ങാടിയിലൂടെ തലമൊട്ടയടിച്ച് കമ്മലിട്ട് നടക്കും, റിയാസ് വെല്ലുവിളി ഏറ്റെടുക്കുമോ'

Thursday 30 April 2026 12:57 PM IST

കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിൽ തനിക്ക് ജയമുറപ്പെന്ന് യുഡിഎഫ് സ്ഥാനാർത്ഥി പി വി അൻവർ. മുഹമ്മദ് റിയാസ് ജയിച്ചാൽ മൊട്ടയടിച്ച് കമ്മലിട്ട് കിഡ്സൺ കോർണർ മുതൽ എസ്എം സ്ട്രീ​റ്റ് വഴി റെയിൽവേ സ്​റ്റേഷൻ വരെ നടക്കും. മറിച്ച് സംഭവിച്ചാൽ റിയാസ് വെല്ലുവിളി ഏറ്റെടുക്കുമോ എന്നും അൻവർ ചോദിച്ചു. മണ്ഡലത്തിൽ അൻവറിന് കാര്യമായ ചലനമുണ്ടാക്കാൻ കഴിയില്ലെന്നും വോട്ടുശതമാനത്തിൽ കുറവുവരുമെങ്കിലും ബേപ്പൂർ ഉറച്ച എൽഡിഎഫ് കോട്ടയായി തന്നെ നിൽക്കുമെന്ന എക്സിറ്റ് പോൾ പ്രവചനത്തിന് തൊട്ടുപിന്നാലെയായിരുന്നു പ്രതികരണം. ബേപ്പൂരിൽ 25000 വോട്ടിന് ജയിക്കുമെന്നാണ് അൻവറിന്റെ അവകാശവാദം.

'റിയാസിന് 65000 വോട്ടുകൾക്ക് മുകളിൽ കിട്ടില്ല. മരുമോനിസം എന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. യുഡിഎഫ് നേതാക്കൾ പിരിവ് നടത്തുകയാണെന്ന് റിയാസ് പറഞ്ഞു. വ്യക്തിഹത്യ നടത്തുന്നത് യഥാർത്ഥത്തിൽ ആരാണ്.ഇടതുപക്ഷത്തെ തകർക്കുന്നത് മുഹമ്മദ് റിയാസിന്റെ പാർട്ടിയിലെ അപ്രമാദിത്വമാണ്. പാർട്ടിയെ മുഹമ്മദ് റിയാസ് ഹൈജാക്ക് ചെയ്തു. അതിന് വളംവച്ച് കൊടുത്തത് പാർട്ടി സെക്രട്ടറിയാണ്. പിണറായിയും ജനങ്ങളും തമ്മിലാണ് തിരഞ്ഞെടുപ്പ്. ബേപ്പൂരിൽ ബിജെപി വോട്ട് കുറയും. ഇവിടെ ബിജെപി- സിപിഎം ഡീൽ പൊളിഞ്ഞു. കേരളത്തിലെ ബിജെപി നേതൃത്വം പിണറായിക്ക് കഞ്ഞിവച്ചു കൊടുത്തു.കേരളത്തിൽ ന്യൂനപക്ഷ ഏകീകരണമല്ല നടന്നത്. പിണറായിക്ക് എതിരായ ഏകീകരണമാണ് നടന്നത്. മതേതര വിശ്വാസികൾ എല്ലാം യുഡിഎഫിന് വോട്ടുചെയ്തു. അതിൽ ഇടത് വോട്ടുകളുമുണ്ട്'- അൻവർ പറഞ്ഞു.

' ഈ തിരഞ്ഞെടുപ്പിൽ ഓരോ മണ്ഡലത്തിലും 10000 വോട്ട് പിണറായി വിരുദ്ധവോട്ടുണ്ട്. ശബരിമല തിരഞ്ഞെടുപ്പിലെ വലിയ വിഷയമായി. മാണി കോൺഗ്രസിന്റെ ഓഫീസ് പൂട്ടുന്ന തിരഞ്ഞെടുപ്പാകും ഇത്. വെള്ളാപ്പള്ളി ന്യൂനപക്ഷങ്ങളുടെ കണ്ണ് കുത്തിപ്പൊട്ടിച്ച ആളാണ്. അയാൾക്ക് പൂമാല ഇട്ടുകൊടുത്തത് പിണറായി വിജയൻ ആണ്. എക്സി​റ്റ് പോൾ ഫലം ഞാൻ പറഞ്ഞതിന് സമാനമാണ്.'- അൻവർ കൂട്ടിച്ചേർത്തു.

ബേപ്പൂരിൽ വിജയം ഉറപ്പെന്ന് നേരത്തേയും അൻവർ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിനുമുമ്പുതന്നെ അൻവർ മണ്ഡലത്തിൽ പര്യടനം ആരംഭിച്ചിരുന്നു. ശക്തമായ മത്സരമാണ് അൻവർ കാഴ്ചവച്ചതെന്നാണ് റിപ്പോർട്ട്.