കൊച്ചി: രാജ്യത്തെ പാതകളുടെ സുരക്ഷയ്ക്കും റോഡ് അപകടങ്ങളുടെ നിയന്ത്രണത്തിനും സമഗ്ര ദുരന്ത നിവാരണ പ്ലാൻ മൂന്നു മാസത്തിനകം പ്രാബല്യത്തിലാകുമെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഹൈവേ സുരക്ഷ, റോഡ് അപകടങ്ങൾ എന്നീ രണ്ട് സബ് പ്ലാനുകളായിട്ടാകും ഇത് നടപ്പാക്കുകയെന്നും കേന്ദ്രം സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വയനാട്ടിലെ പുനരധിവാസവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെ, ദേശീയ പാതകളുടെ സുരക്ഷ സംബന്ധിച്ച് ഹൈക്കോടതി ഉത്കണ്ഠ രേഖപ്പെടുത്തിയിരുന്നു. പദ്ധതി നിശ്ചിത സമയത്തിനുള്ളിൽ നടപ്പാക്കുമെന്ന് ഉറപ്പു വരുത്തണമെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി.എം. മനോജ് എന്നിവരുൾപ്പെട്ട ബെഞ്ച് നിർദ്ദേശം നൽകി.
കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം തയാറാക്കിയ പദ്ധതിയുടെ കരടിന് മേയ് അവസാനം ചേർന്ന യോഗം അന്തിമ രൂപം നൽകാൻ തീരുമാനിച്ചു. ഇതിനു ശേഷം പദ്ധതി വിജ്ഞാപനം ചെയ്യുമെന്നും കേന്ദ്രം അറിയിച്ചു.
വായ്പ എഴുതിത്തള്ളൽ:
വീണ്ടും സമയംതേടി
വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്ന കാര്യം പരിഗണിക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തിൽ തീരുമാനമെടുക്കാൻ കേന്ദ്രം വീണ്ടും സമയം തേടി. വിഷയം 25ന് വീണ്ടും കോടതി പരിഗണിക്കും.
മന്ത്രാലയങ്ങൾ തമ്മിൽ ചർച്ച തുടരുകയാണെന്നും രണ്ടാഴ്ചയ്ക്കകം തീരുമാനമുണ്ടാകുമെന്നും അഡി. സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ നിയമത്തിൽ നിന്ന് ഇതുസംബന്ധിച്ച വ്യവസ്ഥകൾ ഒഴിവാക്കിയതിനാൽ വായ്പകൾ എഴുതിത്തള്ളാനാകില്ലെന്നാണ് കേന്ദ്രം നേരത്തേ അറിയിച്ചിരുന്നത്. ഇതിനെ വിമർശിച്ച കോടതി, സർക്കാരിനുള്ള സവിശേഷാധികാരം ഉപയോഗിക്കാനാകില്ലേയെന്ന് ആരാഞ്ഞിരുന്നു.
ദുരന്തനിവാരണ നിധിയിൽ നിന്ന് 120 കോടി രൂപ വിനിയോഗിക്കാൻ കോടതി സംസ്ഥാന സർക്കാരിന് അനുമതി നൽകിയിരുന്നു. തുക എങ്ങനെ വിനിയോഗിച്ചുവെന്നതിൽ സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടണമെന്ന് അമിക്കസ് ക്യൂറി നിർദ്ദേശിച്ചു. വിശദമായ റിപ്പോർട്ട് സമർപ്പിക്കാമെന്ന് സർക്കാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |