
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ 2019ലെ ദേവസ്വം ബോർഡംഗങ്ങൾക്കും തന്ത്രിക്കും കുരുക്കായി മുൻ പ്രസിഡന്റ് എ.പത്മകുമാർ എസ്.ഐ.ടിക്ക് മൊഴി നൽകി. ശബരിമലയിലെ കാര്യങ്ങൾ താൻ ഒറ്റയ്ക്ക് തീരുമാനിച്ചതല്ലെന്നും, ഭരണസമിതിയോട് ആലോചിച്ചാണ് തീരുമാനമെടുത്തതെന്നുമാണ് പത്മകുമാർ പറയുന്നത്. കൂട്ടായ തീരുമാനങ്ങളാണ് ശബരിമല വിഷയത്തിൽ എടുത്തത്.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് മന്ത്രിയുമായി നേരത്തെ പരിചയമുണ്ടായിരുന്നതായി പോറ്റി തന്നോട് പറഞ്ഞിരുന്നുവെന്ന് മൊഴി നൽകിയതായാണ് വിവരം. താൻ പരിചയപ്പെടുന്നതിനു മുൻപ് തന്നെ, പോറ്റി ശബരിമലയിലുള്ള വ്യക്തിയായിരുന്നു.
പോറ്റി പ്രവർത്തിച്ചിരുന്നത് തന്ത്രി കുടുംബത്തിന്റെ ആളായിട്ടാണ്. താൻ പരിചയപ്പെടുന്നതിനു മുൻപ് തന്നെ, അന്നത്തെ ദേവസ്വം മന്ത്രിയുമായും പോറ്റിക്ക് പരിചയമുണ്ടായിരുന്നു. പോറ്റി ശബരിമലയിൽ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിൻബലത്തിലാണ്. സ്പോൺസർ ആകാൻ പോറ്റി സർക്കാരിൽ ആരെയൊക്കെ സമീപിച്ചെന്ന കാര്യത്തിൽ പത്മകുമാർ കൃത്യമായ ഉത്തരം നൽകിയില്ല.
നടന്നത് സ്വർണക്കൊള്ളയല്ല, പുനരുദ്ധാരണ നടപടികളാണെന്ന വാദമാണ് പത്മകുമാർ ഉന്നയിച്ചത്. സ്വർണം തട്ടിയെടുക്കാൻ വേണ്ടിയല്ല പോറ്റിയുടെ പക്കൽ കൊടുത്തുവിട്ടത്. സ്വർണ ഉരുപ്പടികൾക്ക് കാലപ്പഴക്കത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ അത് മിനുക്കാനും അറ്റകുറ്റപ്പണിക്കുമാണ് ദ്വാരപാലക പാളികളും കട്ടിളപ്പാളിയും വാതിലും അടക്കം കൊണ്ടുപോയത്. ഈ തീരുമാനം താൻ മാത്രമായി എടുത്തതല്ല, എല്ലാവരും അറിഞ്ഞുകൊണ്ടുള്ള തീരുമാനമാണ്- പത്മകുമാർ മൊഴിനൽകി.
ഗോൾഡ് പ്ലേറ്റിംഗ് വർക്കുകൾ സന്നിധാനത്ത് ചെയ്യാൻ കഴിയാത്തത് കൊണ്ടാണ് മാനുവലിന് വിരുദ്ധമായി പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയതെന്നും ഉദ്യോഗസ്ഥരോട് കൃത്യമായ തൂക്കവും അളവുമെടുത്ത് മാത്രമേ കൊണ്ടുപോകാൻ പാടുള്ളൂ എന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും പത്മകുമാർ പറഞ്ഞു. കട്ടിളപ്പാളികൾ കൊണ്ടുപോകുന്നതിനു മുൻപ് മുൻ ഭരണസമിതിയുടെ കാലത്തും ക്ലാഡിംഗ് വർക്കുകൾ പുറത്ത് കൊണ്ട് പോയി നടത്തിയിട്ടുണ്ടെന്നും വിശദീകരിച്ചു. മൊഴികളുടെ വിശദപരിശോധന നടത്താനാണ് എസ്.ഐ.ടി തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |