
തിരുവനന്തപുരം : ശബരിമല സ്വർണപാളി കവർച്ച കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രനെ വ്യക്തിപരമായി അപമാനിക്കുന്ന ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കടകംപളളി നൽകിയ മാനനഷ്ടക്കേസിനുളള മറുപടിയിലാണ് നിലപാട് വ്യക്തമാക്കിയത്.
പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നു. തന്റേതായ നിലയിൽ നടത്തിയ അന്വേഷണത്തിന്റെ ബോദ്ധ്യത്തിലാണ് പ്രസ്താവന നടത്തിയത്. സ്വർണപാളികൾ സ്വാർത്ഥ താത്പര്യത്തിനായി ആരെങ്കിലും കൈമാറ്റം ചെയ്തിട്ടുണ്ടാകാനിനിടയുളള വിദൂര സാദ്ധ്യത ഹൈക്കോടതി ചൂണ്ടി കാണിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകുമല്ലോ ഹൈക്കോടതി പരാമർശം നടത്തിയത്. 2016 മുതൽ 2021 വരെയാണ് കടകംപളളി ദേവസ്വം മന്ത്രി ആയിരുന്നത്. ഈ കാലയളവിലാണ് തിരിമറി നടന്നത്. ഉദ്യോഗസ്ഥർക്കും ദേവസ്വം ബോർഡ് അംഗങ്ങൾക്കും ഉളളതുപോലുളള ഉത്തരവാദിത്വം മന്ത്രി എന്ന നിലയിൽ കടകംപളളിക്കും ഉണ്ടെന്ന് സതീശൻ ചൂണ്ടിക്കാട്ടി.
അഭിഭാഷകനായ മൃദുൽ ജോൺ മാത്യൂ മുഖേനയാണ് വി.ഡി. സതീശൻ മറുപടി ഹർജി തിരുവനന്തപുരം രണ്ടാം സബ് കോടതിയിൽ ഫയൽ ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |