ശക്തമായ മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. തെക്കുപടിഞ്ഞാറൻ കാലവർഷം മേയ് 26ന് എത്തിച്ചേരുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുള്ളത്. തെക്ക് പടിഞ്ഞാറൻ അറബിക്കടലിന്റെ ചില ഭാഗങ്ങൾ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ ദ്വീപുകളുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ശനിയാഴ്ച കാലവർഷമെത്തി. നിലവിൽ തുടരുന്ന വേനൽമഴ മിക്ക ജില്ലകളിലും വരുംദിവസങ്ങളിൽ ശക്തമാകാൻ സാദ്ധ്യതയുള്ളതിനാൽ തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനം ഒഴിവാക്കണം.