
തിരുവനന്തപുരം: ബൂത്ത് ലെവൽ ഓഫീസർമാരായി (ബിഎൽഒ) നിയമിക്കപ്പെട്ടവരുടെ നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മീഷന് മാത്രമായിരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ കേൽക്കർ. ഭരണഘടന അനുസരിച്ചാണ് ഇവരെ നിയമിക്കുന്നത്. ബിഎൽഒമാരുടെ പ്രവർത്തനം തടസപ്പെടുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പല ജില്ലകളിൽ നിന്നും പരാതി ലഭിച്ചിട്ടുണ്ട്. നന്നായി പ്രവർത്തിക്കുന്ന ബിഎൽഒമാർക്കെതിരെ വ്യാജ വാർത്തകളും സമൂഹമാദ്ധ്യമ പ്രചാരണവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും രത്തൻ കേൽക്കർ പറഞ്ഞു.
'ബിഎൽഒമാരെ തടസപ്പെടുത്തിയാൽ ഭാരതീയ ന്യായ് സംഹിതയുടെ 121-ാം വകുപ്പ് പ്രകാരം കേസെടുക്കാൻ ജില്ലാ കളക്‌ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. സൈബർ ആക്രമണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. ബിഎൽഒമാരെ പൊലീസ് സഹായിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. 97 ശതമാനത്തിലധികം എന്യൂമറേഷൻ ഫോമുകളും വിതരണം ചെയ്‌തുകഴിഞ്ഞു. അഞ്ച് ലക്ഷം ഫോം ഡിജിറ്റലൈസ് ചെയ്‌തു.
എസ്‌ഐആർ പ്രവർത്തനങ്ങൾ സുഗമമാക്കാൻ അംഗീകൃത രാഷ്‌ട്രീയ പാർട്ടികൾ നാമനിർദേശം ചെയ്‌ത ബൂത്ത് ലെവൽ ഏജന്റുമാരുടെ യോഗം വിളിച്ചുചേർക്കാനും ബിഎൽഒമാർക്ക് നിർദേശം നൽകി. പ്രവർത്തനങ്ങളിൽ പരമാവധി കൃത്യതയും സുതാര്യതയും ഉറപ്പുവരുത്താനും ഭാവിയിൽ പരാതികൾ ഉണ്ടാകാതിരിക്കാനുമാണ് നടപടി. യോഗത്തിൽ എല്ലാ രാഷ്‌ട്രീയ പാർട്ടികളും സജീവമായി പങ്കെടുക്കണം. ബൂത്ത് ലെവൽ ഏജന്റുമാർ (ബിഎൽഎ) ദിവസേന പരമാവധി 50 ഫോം വീതം ശേഖരിച്ച് ബിഎൽഒമാരെ ഏൽപ്പിക്കാം' - രത്തൻ കേൽക്കർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |