തിരുവനന്തപുരം: റേഷൻ വ്യാപാരികൾക്ക് നൽകാനുള്ള കമ്മിഷൻ കുടിശ്ശിക പൂർണമായും വിതരണം ചെയ്യുന്നതിന് ധനവകുപ്പിന്റെ സഹായം തേടി ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ ഇന്നലെ ധനമന്ത്രി കെ.എൻ.ബാലഗോപാലുമായി ചർച്ച നടത്തി.
കഴിഞ്ഞ ബഡ്ജറ്റിൽ റേഷൻ വ്യാപാരികൾക്കുള്ള കമ്മിഷൻ ഇനത്തിൽ 216 കോടി രൂപ വകയിരുത്തിയിരുന്നു. ഈ തുക തീർന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. 102 കോടി രൂപ അധികമായി അനുവദിച്ചാൽ പ്രതിസന്ധി അതിജീവിക്കാനാകും. തൽക്കാലം ആവശ്യമുള്ള തുക അനുവദിക്കുന്ന കാര്യത്തിൽ ഇന്നലത്തെ ചർച്ചയിൽ ധാരണയായി. നടപടിക്രമങ്ങൾ പൂർത്തിയാക്കി രണ്ടു ദിവസത്തിനുള്ളിൽ കമ്മിഷൻ പൂർണമായി വിതരണം ചെയ്യാനാണ് ശ്രമം. അതേസമയം, കടഅടപ്പ് സമരം നടത്തുമെന്ന് പ്രഖ്യാപിച്ച സംഘടകളുമായി ചർച്ച നടത്തേണ്ടെന്ന നിലപാടിലാണ് ഭക്ഷ്യവകുപ്പ്.
കൊവിഡിനു ശേഷം റേഷൻ വ്യാപാരികളുടെ കമ്മിഷൻ തുക കൂടിയിട്ടുണ്ടെന്നാണ് ഭക്ഷ്യവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര സർക്കാർ പി.എം.ജി.കെ.വൈ പദ്ധതി പ്രകാരം അനുവദിച്ച ഭക്ഷ്യ ധാന്യങ്ങൾക്കുള്ള കമ്മീഷൻ കൂടി അധികമായി ലഭിക്കുന്നതുകൊണ്ടാണ് കൂടിയത്. ഒരു വർഷത്തേക്ക് സർക്കാർ കരുതിയ 216 കോടി രൂപ ഇപ്പോൾ അപര്യാപ്തമായി വന്നത് കമ്മിഷൻ തുകയിൽ വന്ന വർദ്ധന കാരണമാണെന്നാണ് വിലയിരുത്തൽ.
ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് റേഷൻ വ്യാപാരികളുടെ സംയുക്ത സമരസമിതി ഭക്ഷ്യ കമ്മിഷന് പരാതി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |