സപ്ലൈകോയുടെ സേവനം എല്ലായിടത്തും ലഭ്യമാവും
തിരുവനന്തപുരം: റേഷൻ കടകളെ മിനി മാവേലി സ്റ്റോറുകളാക്കുന്ന പദ്ധതി ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ പരിഗണനയിൽ. റേഷൻ സാധനങ്ങൾ ലഭ്യമാക്കുന്നതിന് പുറമേയാണിത്.
സപ്ലൈകോയുടെ സേവനങ്ങൾ പൊതുജനങ്ങൾക്ക് വ്യാപകമായി ലഭ്യമാക്കാനും റേഷൻ വ്യാപാരികൾക്ക് കൂടുതൽ വരുമാനം ഉറപ്പാക്കാനും സഹായിക്കും.
ഓണക്കാലത്ത് സപ്ലൈകോയുടെ വിപണി ഇടപെടൽ വൻ വിജയമായതോടെയാണ് പദ്ധതി ഗൗരവമായി പരിഗണിക്കുന്നത്. പദ്ധതി നടപ്പിലായാൽ അരി, പലവ്യഞ്ജനം ഉൾപ്പെടെയുള്ള എല്ലാം സാധനങ്ങളും കുറഞ്ഞ വിലയിലും സബ്സിഡി നിരക്കിലും റേഷൻ ഗുണഭോക്താക്കൾക്ക് ലഭിക്കും. സപ്ലൈകോ സബ്സിഡി സാധനങ്ങൾ നൽകുന്നതും റേഷൻ കാർഡുടമകൾക്കാണ്.
സപ്ലൈകോ സാധനങ്ങളുടെ വിപണനത്തിനായി സൗകര്യം ഒരുക്കുകയാണ് റേഷൻ കടക്കാർ ചെയ്യേണ്ടത്. സാധനങ്ങൾ സപ്ലൈകോ എത്തിക്കും. മുൻകൂട്ടി പണം നൽകേണ്ട, വിറ്റശേഷം പണമൊടുക്കിയാൽ മതിയാകും.
സാധനങ്ങൾക്ക് വില കുതിച്ചുയരുമ്പോൾ സപ്ലൈകോ സബ്സിഡി നൽകി നടത്തുന്ന വിപണി ഇടപെടൽ റേഷൻ കടകളിലൂടെ കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയുമെന്നതാണ് മറ്റൊരു മെച്ചം.
എല്ലാ കാർഡ് ഉടമകൾക്കും
സബ്സിഡി കിട്ടും
(സപ്ലൈകോ സാധനം, കിലോയ്ക്ക് സബ്സിഡി വില, പൊതുവില എന്ന ക്രമത്തിൽ)
ചെറുപയർ....................... 90..........................127.50
ഉഴുന്ന് ...................................90.........................125.79
കടല........................................65.........................110.07
വൻപയർ.............................70......................... 98.64
തുവരപരിപ്പ്........................93........................130.14
മുളക്......................................115.50.................175.93
മല്ലി (500 ഗ്രാം)......................40.95...................59.22
പഞ്ചസാര.............................34.65...................45.46
വെളിച്ചെണ്ണ............................339....................445.85
ജയ അരി.....................................33......................45.92
കുറുവ അരി..............................33......................46.22
മട്ട അരി........................................33......................51.29
പച്ചരി............................................29......................41.71
റേഷൻ കടകളിലെ
പതിവ് വിൽപ്പന
മഞ്ഞ കാർഡ്: 30 കിലോ അരി രണ്ട് കിലോ ഗോതമ്പ് സൗജന്യം, മൂന്ന് പായ്ക്കറ്റ് ആട്ട് ₹7 നിരക്കിൽ. ഒരു കിലോ പഞ്ചസാര ₹27
പിങ്ക് കാർഡ്: ഓരോ അംഗത്തിനും നാലുകിലോ അരി ഒരു കിലോ ഗോതമ്പ് സൗജന്യം
നീലകാർഡ്: ഓരോ അംഗത്തിനും രണ്ട് കിലോ അരി ₹4നിരക്കിൽ
വെള്ള കാർഡ്: രണ്ട് കിലോ അരി ₹10.90 നിരക്കിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |