കോട്ടയം : ഒന്നാം കൃഷി നെല്ല് സംഭരണത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചിട്ടും നെല്ല് വില ഉയർത്താതെ ഉരുണ്ടു കളിച്ച് സംസ്ഥാനസർക്കാർ. കേന്ദ്രസർക്കാർ ക്വിന്റലിന് 69 പൈസ താങ്ങുവില ഉയർത്തിയിരുന്നു. കിലോയ്ക്ക് 28രൂപ 32 പൈസയ്ക്കാണ് സംസ്ഥാന സർക്കാർ നെല്ല് സംഭരിക്കുന്നതെങ്കിലും കൈകാര്യ ചെലവ് കുറച്ച് 28.20 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. ഇതിൽ 23 രൂപ കേന്ദ്രസർക്കാർ താങ്ങുവിലയാണ്. കേന്ദ്രസർക്കാർ വർദ്ധിപ്പിച്ച 69 പൈസ കൂടി ചേർത്ത് 29.01 രൂപയാണ് ലഭിക്കേണ്ടത്. എന്നാൽ വർഷങ്ങളായി കേന്ദ്രം വർദ്ധിപ്പിക്കുന്നതിനൊപ്പം സംസ്ഥാന വിഹിതം കുറച്ച് കബളിപ്പിക്കുകയാണെന്നാണ് പരാതി.
നെൽകൃഷി ഉത്പാദന ചെലവിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 200-250 രൂപ വരെ തൊഴിലാളികളുടെ കൂലി കൂടി. വിത്ത്,വളം കീടനാശിനി വിലയും ഉയർന്നു. വരൾച്ച, വെള്ളപ്പൊക്കം, മടവീഴ്ച തുടങ്ങിയ കാരണങ്ങളാൽ ചെലവ് കൂടി വരികയാണ്. സംഭരിച്ച നെല്ലിന്റെ പണം മാസങ്ങളോളം വൈകുന്നത് മാത്രമല്ല. ഈർപ്പം ,പതിര് തുടങ്ങിയ കാരണങ്ങൾ നിരത്തി മില്ലുകളും കർഷകരെ പിഴിയുകയാണ്. ഭരണാനുകൂല കർഷക സംഘടനകളടക്കം പ്രതിഷേധമുയർത്തിയിട്ടും കർഷക പ്രശ്നങ്ങൾക്ക് പരിഹാരം അകലെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |