തിരുവനന്തപുരം: താൻ വ്യക്തിപരമായി ആരുടെയും പേര് പറയുന്നില്ലെന്ന് ആവർത്തിച്ച് യുവനടി റിനി ആൻ ജോർജ്. രാഷ്ട്രീയ നേതാവ് എങ്ങനെയായിരിക്കണമെന്നാണ് ഞാൻ പറഞ്ഞതെന്നും റിനി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഈ പറയുന്ന വ്യക്തി ഇനിയെങ്കിലും നവീകരിക്കപ്പെടണമെന്നും നടി വ്യക്തമാക്കി.
'സ്ത്രീകൾ മുന്നോട്ട് വരുമ്പോൾ സമൂഹം അത് ഏറ്റെടുത്ത് സത്യാവസ്ഥ മനസിലാക്കണം. ഈ വിഷയത്തിൽ ഞാൻ ആദ്യം മുന്നോട്ട് വന്നപ്പോൾ എന്നെ പലരും അധിക്ഷേപിച്ചു. രാഷ്ട്രീയ നേതാവ് എങ്ങനെയായിരിക്കണമെന്നാണ് ഞാൻ പറഞ്ഞത്. രാജി വച്ചതിൽ എനിക്ക് ഒരു വ്യക്തിപരമായ താൽപര്യവും ഇല്ല. അത് ആ പ്രസ്ഥാനത്തിന്റേതാണ്. ഇപ്പോഴും ഞാൻ പറയുന്നത്, ഈ പറയുന്ന വ്യക്തി ഇനിയെങ്കിലും നവീകരിക്കപ്പെടണമെന്നാണ്. ഇപ്പോഴും ഒരു നല്ല സുഹൃത്തായി തന്നെയാണ് കാണുന്നത്. ഒരു രാഷ്ട്രീയ നേതാവ് സമൂഹത്തിൽ എങ്ങനെയായിരിക്കണമെന്നതാണ് വിഷയം. എന്റെ ഭാഗത്ത് ശരിയാണെങ്കിൽ കാലം തെളിയിക്കുമെന്ന് ഞാൻ മുൻപ് പറഞ്ഞിരുന്നു. വിഷയം അന്വേഷിക്കണം. കൂടുതൽ ഇരകൾ ഉണ്ട്. പക്ഷേ അവർക്ക് ഭയമാണ് തുറന്നുപറയാൻ. സ്ത്രീകൾക്ക് വേണ്ടിയുള്ള ഒരു പോരാട്ടമാണ് നടന്നത്. ആ വ്യക്തിക്കെതിരെ ഇനി നടപടിയെടുക്കേണ്ടത് ആ പാർട്ടിയാണ്'- റിനി പറഞ്ഞു.
ജനപ്രതിനിധിയായ യുവനേതാവ് തനിക്ക് അശ്ളീലസന്ദേശം അയച്ചെന്നും പാർട്ടിയിലെ നേതാക്കളുടെ പെൺമക്കളെ ഉപദ്രവിച്ചിട്ടുണ്ടെന്നുമാണ് റിനി ആൻ ജോർജ് കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. കേരളത്തിലെ യുവനേതാവ് മോശമായി പെരുമാറിയെന്നാണ് റിനി ആദ്യം വെളിപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് മാദ്ധ്യമങ്ങളോട് ഇക്കാര്യം ആവർത്തിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |