പ്രണയ നൈരാശ്യം, 'കലിപ്പ്' തീർത്തത് വന്ദേഭാരതിനോട്; കല്ലെറിഞ്ഞ് ചില്ലുപൊട്ടിച്ച യുവാവ് അറസ്റ്റിൽ

Friday 20 March 2026 11:52 AM IST

കൊച്ചി: വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ പത്തൊൻപതുകാരനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി പാറക്കടവ് സ്വദേശി സുജിത് സുരേഷാണ് പിടിയിലായത്. ട്രെയിനിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. ഈ മാസം ഏഴാം തീയതി രാവിലെ 7.15ഓടെ നെടുമ്പാശ്ശേരി എയർപോർട്ടിന് സമീപമുള്ള അകപ്പറമ്പ് റെയിൽവേ ഗേറ്റിന് അടുത്തുവച്ചായിരുന്നു സംഭവം.

തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന ട്രെയിനിന് നേരെ മൂന്ന് തവണയാണ് കല്ലേറുണ്ടായത്. ആക്രമണത്തിൽ ട്രെയിനിന്റെ ഗ്ലാസുകൾ തകർന്നു. പ്രണയനൈരാശ്യത്തെ തുടർന്നുള്ള മാനസിക വിഷമത്തിലാണ് കല്ലെറിഞ്ഞതെന്ന് സുജിത് പൊലീസിനോട് പറഞ്ഞു. റെയിൽവേ നിയമം 153ാം വകുപ്പ് പ്രകാരം ജാമ്യമില്ലാ കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

ആർ.പി.എഫ്. ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണർ മുഹമ്മദ് ഹനീഫിന്റെ മേൽനോട്ടത്തിൽ ആലുവ ഇൻസ്‌പെക്ടർ എ.പി. വേണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സബ് ഇൻസ്‌പെക്ടർമാരായ കെ.എസ്. മണികണ്ഠൻ, വി.എ. ജോർജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.