വിമാന സർവീസ് റദ്ദാക്കൽ മലയാളിക്ക് ഇരുട്ടടി

Sunday 03 May 2026 12:40 AM IST

ന്യൂഡൽഹി: ജൂലായ് വരെ 100ൽപ്പരം രാജ്യാന്തര - ആഭ്യന്തര വിമാന സർവീസുകൾ വെട്ടിക്കുറയ്‌ക്കാനുള്ള എയർ ഇന്ത്യയുടെ നീക്കം ഗൾഫിലേക്കും തിരിച്ചുമുള്ള സർവീസുകളെ അടക്കം ബാധിച്ചേക്കും. വ്യോമയാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ (എ.ടി.എഫ്) വിലയിലെ സ്ഥിരതയില്ലായ്മ,പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുള്ള പ്രതിസന്ധി തുടങ്ങിവയാണ് എയർ ഇന്ത്യ സി.ഇ.ഒ കാംപ്ബെൽ വിൽസൺ കാരണങ്ങളായി പറയുന്നത്.

ഏപ്രിലിൽ ചില സർവീസുകൾ റദ്ദാക്കി. പല രാജ്യാന്തര റൂട്ടുകളും ലാഭകരമല്ല. ഈ സാഹചര്യത്തിൽ മേയ്,ജൂൺ,ജൂലായ് മാസങ്ങളിലും സർവീസുകൾ വെട്ടിക്കുറയ്‌ക്കേണ്ടി വരും. ജീവനക്കാർക്ക് അയച്ച കത്തിലാണ് സി.ഇ.ഒ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. എ.ടി.എഫ് വില പുനർനിർണയിക്കണമെന്നും, കേന്ദ്രം സാമ്പത്തിക പിന്തുണ നൽകണമെന്നും നേരത്തെ ആവശ്യപ്പെട്ടിരുന്നു. എയർ ഇന്ത്യ,ഇൻഡിഗോ,സ്‌പൈസ് ജെറ്റ് തുടങ്ങിയവർ ഉൾപ്പെട്ട ഫെഡറേഷൻ ഒഫ് ഇന്ത്യൻ എയർലൈൻസ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തും നൽകി. സ‌ർവീസുകൾ നിറുത്തിവയ‌്‌ക്കേണ്ട സാഹചര്യമാണെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ആഭ്യന്തര സർവീസിനായുള്ള ഇന്ധനത്തിന് ഈടാക്കുന്ന 11% എക്‌സൈസ് തീരുവ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. എയർ ഇന്ത്യയ്‌ക്കു പുറമെ കൂടുതൽ വിമാനക്കമ്പനികൾ സർവീസുകൾ വെട്ടിച്ചുരുക്കുമോയെന്ന് ആശങ്കയുയർന്നിട്ടുണ്ട്. അതേസമയം,നിയന്ത്രണങ്ങൾ നീക്കി വ്യോമപാത തുറക്കാൻ യു.എ.ഇ തീരുമാനിച്ചത് മലയാളികൾക്കടക്കം ആശ്വാസമാണ്. വിമാന സർവീസുകൾ സാധാരണ നിലയിലായേക്കും.