ചാർട്ടേഡ് അക്കൗണ്ടന്റിൽ നിന്ന് 50 ലക്ഷം തട്ടിയ മുൻ ജീവനക്കാരി അറസ്റ്റിൽ

Sunday 03 May 2026 12:13 AM IST

കൊച്ചി: സ്വകാര്യ ഹൗസിംഗ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിൽ 12 ശതമാനം പലിശ വാഗ്ദാനം ചെയ്ത് ചാർട്ടേർഡ് അക്കൗണ്ടന്റിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത മുൻ ജീവനക്കാരി അറസ്റ്രിൽ. ഇടുക്കി വണ്ടൻമേട് പുളിക്കൽവീട്ടിൽ റോബിൻസ് രാജന്റെ ഭാര്യ സോണിയാ സെബാസ്റ്റ്യനാണ് (38) എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്. തട്ടിപ്പിനെ തുടർന്ന് സ്ഥാപനം പുറത്താക്കിയ പ്രതി സ്വന്തമായി സൊസൈറ്റി രൂപീകരിച്ച് വീണ്ടും തട്ടിപ്പിനു തയ്യാറെടുക്കവെയാണ് അറസ്റ്റ്. എറണാകുളം സ്വദേശിയും ചാർട്ടേഡ് അക്കൗണ്ടന്റുമായ 64 കാരനാണ് തട്ടിപ്പിനിരയായത്.

കേരളത്തിലും തമിഴ്നാട്ടിലും നിരവധി ശാഖകളുള്ള ഹൗസിംഗ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കോതമംഗലം ശാഖയിലാണ് സോണിയ ജോലി ചെയ്തിരുന്നത്. ചാർട്ടേഡ് അക്കൗണ്ടന്റിനു ഇതേ സ്ഥാപനത്തിൽ നിക്ഷേപമുണ്ടായിരുന്നു. കൃത്യമായി പലിശ ലഭിക്കുന്നതിനാൽ 12 ശതമാനം ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് സോണിയ സമീപിച്ചപ്പോൾ സംശയിച്ചില്ല. സോണിയയുടെ അക്കൗണ്ടിലേക്കാണ് പണം അയച്ചു കൊടുത്തത്. പണം സ്വീകരിച്ചതിന് കൈപ്പടയിൽ എഴുതിയ രസീതും സോണിയ കൈമാറി. 2022 മാർച്ച് 15നായിരുന്നു ഇടപാട്. കോടതിയിൽ ഹാജരാക്കി കാക്കനാട് വനിതാ ജയിലിൽ റിമാൻഡ് ചെയ്തു.