ഉചിത സമയത്ത് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും: അടൂർ പ്രകാശ്

Wednesday 06 May 2026 12:57 AM IST

തിരുവനന്തപുരം: കോൺഗ്രസ് മുഖ്യമന്ത്രി ആരെന്നത് ഉചിത സമയത്ത് പ്രഖ്യാപിക്കുമെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹൈക്കമാൻഡ് നിരീക്ഷകരെ അയച്ച് എം.എൽ.എമാരുടെ അഭിപ്രായം തേടും. അന്തിമതീരുമാനം എ.ഐ.സി.സിയുടേതാവും. ആ തീരുമാനം എല്ലാവരും അംഗീകരിക്കും.

രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ തീരുമാനമുണ്ടാവും. അഭിപ്രായ ഭിന്നതയില്ലാതെയാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്. തിരഞ്ഞെടുപ്പിൽ ജനം നൽകിയ അംഗീകാരം അനുസരിച്ച് തീരുമാനമെടുക്കും. മാദ്ധ്യമങ്ങളായിട്ട് പ്രശ്നങ്ങൾ ഉണ്ടാക്കരുത്.

കഴക്കൂട്ടം, നേമം, ചാത്തന്നൂർ മണ്ഡലങ്ങളിലെ ബി.ജെ.പിയുടെ വിജയം സി.പി.എമ്മുമായുള്ള രഹസ്യധാരണയുടെ ഭാഗമാണ്. ഭരണകക്ഷി ജനങ്ങൾക്ക് ഏൽപ്പിച്ച ദുരിതങ്ങളുടെയും പ്രയാസങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും പ്രതിഫലനമാണ് ഈ വിധി. ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് പ്രത്യേകം നന്ദി അറിയിക്കുന്നതായും അടൂർ പ്രകാശ് വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അസുഖബാധിതനായതിനെ തുടർന്ന് ചികിത്സയിലായിരുന്ന അടൂർ പ്രകാശ് ചെറിയ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും സജീവമാകുന്നത്. കെ.പി.സി.സി ആസ്ഥാനത്തെത്തിയ അദ്ദേഹം നേതാക്കളുമായി ചർച്ച നടത്തി.