മുഹമ്മദലിയുടെ കുറ്റസമ്മതം:40വർഷം മുമ്പ് കൊല്ലപ്പെട്ട ഒരാളെ തിരിച്ചറിഞ്ഞു,​ വെളിപ്പെടുത്തിയത് 2 കൊലപാതകങ്ങൾ

Wednesday 03 June 2026 12:14 AM IST

കോഴിക്കോട്: 40 വർഷം മുമ്പ് രണ്ട് കൊലപാതകങ്ങൾ നടത്തിയെന്ന് മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലി വെളിപ്പെടുത്തിയത് കഴിഞ്ഞ വർഷം. മുഹമ്മലിയെ പൊലീസ് അറസ്റ്റു ചെയ്തെങ്കിലും കൊല്ലപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഇതുവരെ പൊലീസ്. ഒടുവിൽ, 1986 നവംബറിൽ കൂടരഞ്ഞിയിൽ കൊല്ലപ്പെട്ട ഒരാളെ പൊലീസ് തിരിച്ചറിഞ്ഞു. കണ്ണൂർ ഇരിട്ടി വെളിമാനം സ്വദേശി മോഹനൻ. ഇനി കൊല്ലപ്പെട്ട രണ്ടാമത്തെയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. രണ്ടുപേരെ കൊലപ്പെടുത്തിയെന്ന് പറഞ്ഞെങ്കിലും അത് ആരൊക്കെയാണെന്ന് മുഹമ്മദലിക്ക് അറിയാത്തതാണ് പൊലീസിനെ കുഴക്കിയത്.

കഴിഞ്ഞ വർഷം മലപ്പുറം വേങ്ങര പൊലീസിലാണ് മുഹമ്മദലി വെളിപ്പെടുത്തൽ നടത്തിയത്. തുടർന്ന് മുഹമ്മദലിയെ അറസ്റ്റ് ചെയ്ത് തിരുവമ്പാടി പൊലീസിന് കൈമാറി. മഞ്ചേരി ജയിലിൽ റിമാൻഡിലായ മുഹമ്മദലി ഇപ്പോൾ ജാമ്യത്തിലാണ്. 1989ൽ വെള്ളയിൽ ബീച്ചിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം രണ്ടാമത് കൊലചെയ്യപ്പെട്ട ആളാണോ എന്നറിയാൻ പൊലീസ് അന്വേഷണം തുടങ്ങി.

കൂടരഞ്ഞി കൊലയ്ക്കുശേഷം മൂന്നുവർഷം കഴിഞ്ഞ് കോഴിക്കോട് ബീച്ചിൽ മറ്റൊരു കൊലപാതകം കൂടി താൻ നടത്തിയിരുന്നുവെന്ന് മുഹമ്മദലി സമ്മതിച്ചിരുന്നു. കൂടരഞ്ഞിയിലെ കൊലപാതകം സംബന്ധിച്ച് താമരശേരി കോടതിയിൽ ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്ന് തിരുവമ്പാടി സി.ഐ കെ.പ്രശാന്ത് പറഞ്ഞു. മരിച്ചത് മോഹനൻ ആണെന്ന് സഹോദരി സ്ഥിരീകരിച്ചതായും വ്യക്തമാക്കി. മോഹനന് അപസ്മാരം ഉണ്ടായിരുന്ന വിവരവും പറഞ്ഞു.

ആദ്യ കൊലപാതകം

14ാം വയസിൽ

14ാം വയസിൽ കൂടരഞ്ഞിയിൽ ദേവസ്യ എന്ന ആളുടെ പറമ്പിൽ കൂലിപ്പണിക്കു നിൽക്കുമ്പോൾ തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ തോട്ടിലേക്ക് ചവിട്ടി വീഴ്ത്തിയെന്നും രണ്ടുദിവസം കഴിഞ്ഞാണ് ഇയാൾ മരിച്ചവിവരം അറിഞ്ഞതെന്നുമാണ് മുഹമ്മദലി കഴിഞ്ഞവർഷം ജൂൺ അഞ്ചിന് വെളിപ്പെടുത്തിയത്. മരിച്ചയാളെ ആരും തിരിച്ചറിയാത്തതിനാൽ അജ്ഞാത മൃതദേഹമായി സംസ്‌കരിച്ച് കേസ് നടപടികൾ അവസാനിപ്പിച്ചിരുന്നു.

''40 വർഷം തന്റെ ഉറക്കം കെടുത്തിയ സംഭവത്തിന് അവസാനം കാണാനാണ് വേങ്ങര പൊലീസിലെത്തി കുറ്റം ഏറ്റുപറഞ്ഞത്. ഇപ്പോൾ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞതിൽ മന:സമാധാനമുണ്ട്. എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണ്.

-മുഹമ്മദലി