ശബരിമല സ്വർണക്കൊള്ള; 2025ൽ പാളി കൊണ്ടുപോയതിലും അന്വേഷണം, പി എസ് പ്രശാന്തിനെ ചോദ്യം ചെയ്തു

Tuesday 21 April 2026 7:55 AM IST

പത്തനംതിട്ട: ശബരിമലയിൽ നിന്ന് കഴിഞ്ഞവർഷം സ്വർണപാളി കൊണ്ടുപോയതിലും എസ്‌ഐടി അന്വേഷണം നടത്തുന്നതായി വിവരം. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ ഇന്നലെ വീണ്ടും ചോദ്യം ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇത് മൂന്നാം തവണയാണ് സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രശാന്തിനെ ചോദ്യം ചെയ്യുന്നത്. ദേവസ്വം ബോർഡ് അംഗമായിരുന്ന അജികുമാറിനെയും ചോദ്യം ചെയ്തു.

സ്വർണക്കൊള്ളയിൽ പ്രശാന്തും മുഖ്യപങ്കാളിയാണെന്നതിന്റെ സൂചനകൾ എസ്‌ഐടിക്ക് ലഭിച്ചതായാണ് വിവരം. ദ്വാരപാലക പാളികൾ കോടതിയെ അറിയിക്കാതെ ചെന്നൈയിലേക്ക് കൊണ്ടുപോകാൻ പ്രശാന്ത് ഉൾപ്പെടുന്ന സംഘം ഗൂഢാലോചന നടത്തിയെന്നാണ് നിഗമനം. പാളികൾ കൊണ്ടുപോകുന്നതിന് മുന്നോടിയായി അന്നത്തെ ദേവസ്വം മരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയറെ മാറ്റി പകരം അസി.എക്സിക്യൂട്ടീവ് എൻജിനിയർക്ക് ചുമതല നൽകിയതും ദേവസ്വം വിജിലൻസിനെ അറിയിക്കാതിരുന്നതും ഗൂഢാലോചനയുടെ ഭാഗമെന്നാണ് അനുമാനം.

ദ്വാരപാലക ശില്പം സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദിച്ചതെന്നും കൃത്യമായ ഉത്തരം നൽകിയെന്നും ആദ്യത്തെ ചോദ്യം ചെയ്യലിന് പിന്നാലെ പ്രശാന്ത് പ്രതികരിച്ചിരുന്നു. സ്റ്റേറ്റ്‌മെന്റ് എടുക്കുന്നത് പൂർത്തിയായെന്നും ഇനി എസ്‌ഐടിക്ക് മുന്നിൽ പോകേണ്ടി വരില്ലെന്നും പ്രതികരിച്ചിരുന്നു.

കഴിഞ്ഞവർഷം സെപ്‌തംബറിൽ ശബരിമലയിൽ നിന്ന് പാളികൾ കൊണ്ടുപോയ സംഘത്തിലെ മുഴുവൻ ഉദ്യോഗസ്ഥരുടെയും മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തി. സന്നിധാനത്തെത്തിയും തിരുവനന്തപുരത്തേയ്ക്ക് വിളിപ്പിച്ചുമായിരുന്നു മൊഴിയെടുപ്പ്.