തിരുവനന്തപുരം: കണ്ണൂർ വി.സിയായിരുന്ന ഡോ.ഗോപിനാഥ് രവീന്ദ്രനെ പുറത്താക്കിയുള്ള ഉത്തരവിൽ, സർക്കാരിന്റെയടക്കം ഒരു തരത്തിലുള്ള ഇടപെടലും വി.സി നിയമനത്തിലുണ്ടാവരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ താത്കാലിക വി.സി നിയമനം സർക്കാരിന്റെ പാനലിൽ നിന്നല്ലാതെ പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഇതു ചൂണ്ടിക്കാട്ടിയാവും
ഗവർണർ ആർ.വി ആർലേക്കർ സുപ്രീംകോടതിയിൽ അപ്പീൽ നൽകുക.
യു.ജി.സി മാനദണ്ഡ പ്രകാരവും സുപ്രീംകോടതി ഉത്തരവനുസരിച്ചും ചാൻസലർക്കാണ് വി.സി നിയമനത്തിന് അധികാരമെന്നും സർക്കാരിന് ഇതിൽ പങ്കില്ലെന്നും ചൂണ്ടിക്കാട്ടി പ്രത്യേകാനുമതി ഹർജി നൽകാനാണ് നീക്കം. ഹൈക്കോടതി ഉത്തരവിന് സ്റ്റേ നേടാനും ശ്രമിക്കും.
താത്കാലിക വി.സി നിയമനം സർക്കാരിന്റെ ശുപാർശ പ്രകാരമാവണമെന്ന സർവകലാശാലാ ആക്ട് മാത്രം പരിഗണിച്ചാണ് ഹൈക്കോടതി വിധിയെന്നാണ് ഗവർണറുടെ വിലയിരുത്തൽ. ചാൻസലർക്ക് സ്വതന്ത്രസ്വഭാവത്തോടെ സ്വന്തം അധികാരമുപയോഗിച്ച് വി.സിമാരെ നിയമിക്കാം. യു.ജി.സി ചട്ടത്തിൽ താത്കാലിക വി.സിയില്ല. വി.സിയുടെ മിനിമം കാലയളവും പറയുന്നില്ല. ചുരുങ്ങിയ കാലത്തേക്കാണ് നിയമനമെങ്കിലും യു.ജി.സി യോഗ്യത ഉണ്ടായിരിക്കണം. ആറു മാസ കാലാവധി ഡിജിറ്റൽ സർവകലാശാലാ വി.സിയായിരുന്ന ഡോ.സജി ഗോപിനാഥിന്റെ കാര്യത്തിൽ സർക്കാർ ലംഘിച്ചിട്ടുണ്ടെന്നും ഗവർണർ വിലയിരുത്തി.
വി.സിയുടെ താത്കാലിക ഒഴിവ് നികത്തേണ്ട സാഹചര്യത്തിൽ സർക്കാർ നൽകുന്ന പട്ടികയിൽ നിന്ന് ചാൻസലർ നിയമനം നടത്തണമെന്നാണ് സാങ്കേതിക സർവകലാശാലാ നിയമത്തിലെ 13(7) വകുപ്പ് പറയുന്നത്. എന്നാൽ, ചാൻസലർക്ക് നേരിട്ട് നിയമനം നടത്താമെന്നാണ് ഡിജിറ്റൽ സർവകലാശാലാ നിയമത്തിലെ 11(10) വകുപ്പിൽ. ഇക്കാര്യവും ഗവർണർ അപ്പീലിൽ ചൂണ്ടിക്കാട്ടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |