ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ അനന്തമായി അടയിരിക്കുന്ന ഗവർണർമാരുടെ പ്രവൃത്തി ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്ന് വീണ്ടും സുപ്രീംകോടതിയുടെ വിമർശനം. ആറുമാസത്തിലധികം വൈകുന്നതിനെതിരെയാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ അഭിപ്രായ പ്രകടനം. 'എത്രയും വേഗം തീരുമാനമെടുക്കണമെന്നാണ്' ഭരണഘടനയിൽ നിഷ്ക്കർഷിച്ചിരിക്കുന്നത്. അനന്തമായി തടഞ്ഞുവയ്‌ക്കുന്നത് ഭരണഘടനാ ശില്പികളുടെ ഉദ്ദ്യേശ്യലക്ഷ്യത്തെ തന്നെ പിന്നോട്ടടിക്കുന്നതാണ്.
തമിഴ്നാട് ഗവർണറും സർക്കാരുമായുള്ള കേസിൽ
ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചിരുന്നു പിന്നാലെ രാഷ്ട്രപതി സുപ്രീംകോടതിക്ക് അയച്ച റഫറൻസ് നിലനിൽക്കുമോയെന്നതിലാണ് വാദം കേട്ടത്. തമിഴ്നാട് കേസിലെ വിധി സംബന്ധിച്ച് ഒരു വാക്കുപോലും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് ഭരണഘടനയിൽ സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിൽ ജുഡിഷ്യൽ ഉത്തരവുകൾ വഴി അതിനു കഴിയുമോ? ഭരണഘടനയിലെ 142ാം അനുച്ഛേദം സുപ്രീംകോടതിക്ക് നൽകിയിരിക്കുന്ന സവിശേഷാധികാരത്തിന് പരിമിതികളില്ലേ? തുടങ്ങി 14 ചോദ്യങ്ങളാണ് റഫറൻസിൽ രാഷ്ട്രപതി ഉന്നയിച്ചത്. സെപ്‌തംബർ രണ്ടിന് വാദം കേൾക്കൽ തുടരും
സൂപ്പർ മുഖ്യമന്ത്രി ചമയരുത്
പണബില്ലുകൾ പോലും അംഗീകരിക്കാതെ പിടിച്ചുവയ്‌ക്കാൻ കഴിയുമെങ്കിൽ ഗവർണർ 'സൂപ്പർ മുഖ്യമന്ത്രിയാകുന്ന' സാഹചര്യം സൃഷ്‌ടിക്കപ്പെടുമെന്ന് തമിഴ്നാട് സർക്കാർ വാദിച്ചു. സർക്കാരിനും മുകളിലല്ല ഗവർണറുടെ സ്ഥാനം. അങ്ങനെ വന്നാൽ ഒരു ഉറയിൽ രണ്ട് വാൾ എന്നതു പോലെയാകും. തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിക്ക് ജനാധിപത്യപരമായി പ്രവർത്തിക്കുന്നതിന് തടസമാണിതെന്നും തമിഴ്നാടിനു വേണ്ടി ഹാജരായ അഡ്വ. അഭിഷേക് മനു സിംഗ്‌വി പറഞ്ഞു.
സംസ്ഥാന ഹർജിക്ക്
എതിരെ കേന്ദ്രം
രാഷ്ട്രപതിക്കും ഗവർണർമാർക്കുമെതിരെ റിട്ട് ഹർജി നൽകുന്ന സംസ്ഥാനങ്ങളുടെ നിലപാടിനെ കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത എതിർത്തു. അത്തരത്തിലുള്ള ഹർജികൾ ഭരണഘടനാ പ്രകാരം നിലനിൽക്കില്ല. സംസ്ഥാന സർക്കാരുകൾക്ക് മൗലികാവകാശങ്ങളില്ല. അതിനാൽ അതു സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെടാനുമാകില്ല. കേന്ദ്രസർക്കാരിന്റെ പ്രതിനിധിയല്ലേ ഗവർണർ എന്നു ചീഫ് ജസ്റ്റിസ് ആരാഞ്ഞപ്പോൾ, കേന്ദ്ര മന്ത്രിസഭയുടെയല്ല, സംസ്ഥാന കാബിനറ്രിന്റെ ഉപദേശ നിർദ്ദേശ പ്രകാരമാണ് ഗവർണർ പ്രവർത്തിക്കുന്നതെന്ന് സോളിസിറ്റർ ജനറൽ മറുപടി നൽകി. ഇത്തരത്തിൽ റിട്ട് ഹർജി നൽകാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടോയെന്ന രാഷ്ട്രപതിയുടെ ചോദ്യത്തിന് ഉത്തരം വേണമെന്നും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |