
കോഴിക്കോട്: ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയുടെ വാഹന വ്യൂഹത്തിലേക്ക് കാർ ഓടിച്ചുകയറ്റിയ സംഭവത്തിൽ കേസെടുക്കാത്തത് വിവാദത്തിൽ. സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെയും മുൻ എം എൽ എ കെ കെ ലതികയുടെയും മകനായ ജൂലിയസ് നികിതാസാണ് ഗവർണറുടെ വാഹന വ്യൂഹത്തിനിടയിലേക്ക് സ്വകാര്യ കാർ ഓടിച്ചുകയറ്റിയത്.
കോഴിക്കോട് മൊഫ്യൂസൽ സ്റ്റാൻഡിന് സമീപം കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. മാറാട് അയ്യപ്പ ഭക്തസംഘം ഹിന്ദു സേവാകേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് ശേഷം ബേപ്പൂർ ബി സി റോഡിലുള്ള എടത്തൊടി കൃഷ്ണൻ മെമ്മോറിയൽ ഹാളിൽനിന്ന് വീട്ടിലേക്ക് വരികയായിരുന്നു ശ്രീധരൻ പിള്ള.സെഡ് കാറ്റഗറി സുരക്ഷയുള്ള ഗവർണറുടെ വാഹനം കടന്നുപോയ ഉടൻ അതിനുപിറകിലായ ജൂലിയസിന്റെ വാഹനം കയറി. സുരക്ഷാ ജീവനക്കാർ വാഹനം തടഞ്ഞെങ്കിലും ഇയാൾ കയർത്തുസംസാരിച്ചതായി റിപ്പോർട്ടുകളുണ്ട്.
കാർ പിറകോട്ട് എടുക്കണമെന്ന് പൊലീസുകാർ പറഞ്ഞെങ്കിലും യുവാവ് അതിന് തയ്യാറായില്ല. കസ്റ്റഡിയിലെടുക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു. ഒടുവിൽ ഈ കാർ പിറകോട്ട് മാറ്റിയാണ് ഗവർണറുടെ സുരക്ഷാ ഉദ്യോഗസ്ഥർ കടന്നുപോയത്.
ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് ചോദ്യം ചെയ്തപ്പോഴാണ് സി പി എം ജില്ലാ സെക്രട്ടറിയുടെ മകനാണെന്നറിയുന്നത്. തുടർന്ന് കേസെടുക്കാതെ ആയിരം രൂപ പിഴ ഈടാക്കി വിട്ടയയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതാണ് വിവാദമായത്.
ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് കാർ കയറിയത് സുരക്ഷാവീഴ്ചയാണെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് സംഭവ ദിവസം തന്നെ പൊലീസ് കമ്മിഷണർ രാജ്പാൽ മീണയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ ജൂലിയസിനെതിരെ കേസെടുക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |