ശിവഗിരി : സർവ്വമത സമ്മേളന ശതാബ്ദിയുടെ ഭാഗമായി ശിവഗിരി മഠത്തിൽ ലോകരാജ്യങ്ങളിൽ നിന്ന് പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുളള പ്രവാസി സംഗമത്തിന്റെ മുന്നോടിയായുളള സ്വാഗതസംഘം രൂപീകരണ യോഗം ഇന്ന് രാവിലെ 10ന് ഗുരുധർമ്മ പ്രചരണസഭാ ഹാളിൽ നടക്കും. സന്യാസി ശ്രേഷ്ഠരും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഭാരവാഹികളും പങ്കെടുക്കും. നാട്ടിലുള്ള പ്രവാസികളും ബന്ധുക്കളും എത്തിച്ചേരണമെന്ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക് ഫോൺ: 9447551499.
പാഠപുസ്തകമില്ലാതെ
അദ്ധ്യാപക പരിശീലനം
വിവാദത്തിൽ
തിരുവനന്തപുരം: അദ്ധ്യാപകർക്ക് പുസ്തകം നൽകാതെ പാഠഭാഗത്തിന്റെ സംക്ഷിപ്ത രൂപംമാത്രം നൽകി ഇക്കൊല്ലം മാറിയ പാഠപുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന പരിശീലന പരിപാടി വിവാദത്തിൽ. പരിശീലനത്തിനെത്തുന്ന അദ്ധ്യാപകരുടെ ഓരോ ഗ്രൂപ്പിനും സംക്ഷിപ്ത രൂപത്തിന്റെ ഓരോ ഫോട്ടോ കോപ്പി മാത്രമാണ് നൽകുന്നത്.
ഇന്നു മുതൽ 24വരെയാണ് രണ്ടാംഘട്ട പരിശീലനം. ആദ്യഘട്ടം ശനിയാഴ്ച പൂർത്തിയായിരുന്നു. സംക്ഷിപ്ത രൂപം മാത്രം വച്ച് പുസ്തകം എങ്ങനെ പൂർണമായും പരിചയപ്പെടുമെന്ന് അദ്ധ്യാപക സംഘടനകൾ ചോദിക്കുന്നു. പരിശീലനത്തിന് മുമ്പ് പാഠപുസ്തകങ്ങളുടെ കോപ്പി അദ്ധ്യാപകർക്ക് നൽകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
എന്നാൽ മുഖ്യമന്ത്രി അവ പ്രകാശനം ചെയ്തശേഷം നൽകിയാൽ മതിയെന്നാണ് പുതിയ നിർദ്ദേശമെന്നറിയുന്നു. പ്രകാശന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. അതേസമയം, അച്ചടി പൂർത്തിയായ പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലടക്കം എത്തിച്ചിട്ടുണ്ട്.
അദ്ധ്യാപക പരിശീലനത്തിലെ രാഷ്ട്രീയവത്കരണം
അവസാനിപ്പിക്കണം: കെ.പി.എസ്.ടി.എ
തിരുവനന്തപുരം: എസ്.എസ്.കെ നടത്തുന്ന അദ്ധ്യാപക പരിശീലനത്തിലെ ഇടത് രാഷ്ട്രീയവത്കരണം അവസാനിപ്പിക്കണമെന്ന് കെ.പി.എസ്.ടി.എ. 1,3,5,7,9 ക്ലാസുകളിലെ മാറിയ പാഠപുസ്തകങ്ങൾ പരിചയപ്പെടുത്തുന്ന ഈ പരിശീലനത്തിൽ ചരിത്ര വസ്തുതകളെയും സ്വാതന്ത്ര്യസമര പോരാട്ടങ്ങളെയും നവോത്ഥാന പ്രവർത്തനങ്ങളെയും തമസ്കരിക്കുകയാണ്. കേരളത്തിന്റെ വിദ്യാഭ്യാസപുരോഗതിയുടെ അടിസ്ഥാനം ഭൂപരിഷ്കരണ നിയമമാണെന്ന രീതിയിൽ ഇടതുപക്ഷത്തിന്റെ ഭാഗമായ ട്രെയിനർമാർ പ്രചരിപ്പിക്കുന്നതായും കെ.പി.എസ്.ടി.എ ആരോപിച്ചു.
ഇത്തരം നീക്കങ്ങളെ ശക്തമായി എതിർക്കുമെന്ന് സംസ്ഥാന സമിതി അറിയിച്ചു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൽ മജീദ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ, സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ടി.എ.ഷാഹിദ റഹ്മാൻ, അസോസിയേറ്റ് ജനറൽ സെക്രട്ടറി എൻ. രാജ്മോഹൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.രമേശൻ, ബി. സുനിൽകുമാർ, ബി.ബിജു, അനിൽ വെഞ്ഞാറമൂട്, ടി.യു.സാദത്ത്, സാജു ജോർജ്, പി.എസ്.ഗിരീഷ് കുമാർ, സംസ്ഥാന സെക്രട്ടറിമാരായ പി.വി. ജ്യോതി, ജയചന്ദ്രൻപിള്ള, ജി.കെ.ഗിരീഷ്, ജോൺ ബോസ്കോ തുടങ്ങിയവർ സംസാരിച്ചു.
നീലക്കുറിഞ്ഞി ജൈവവൈവിദ്ധ്യ പഠനോത്സവം 26ലേക്ക് മാറ്റി
തിരുവനന്തപുരം : ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ അടിമാലിയിലും മൂന്നാറിലുമായി ഇന്ന് മുതൽ നടത്താനിരുന്ന ത്രിദിന ജൈവവൈവിദ്ധ്യ പഠനോത്സവം 26ലേക്ക് മാറ്റി. അതിതീവ്രമഴയും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പും മുൻനിറുത്തി ഇടുക്കി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. മൂന്നു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന പഠനോത്സവത്തിന്റെ കാര്യപരിപാടികൾ മുൻ നിശ്ചയപ്രകാരം നടക്കും. അടിമാലിയിൽ ഹരിത കേരളം മിഷൻ സ്ഥാപിച്ച നീലക്കുറിഞ്ഞി ജൈവവൈവിദ്ധ്യ വിജ്ഞാനകേന്ദ്രത്തിലാണ് ആദ്യദിനം പഠനോത്സവം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |