കൊച്ചി: സംഗീത സംവിധായകൻ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദത്തിൽ പരസ്യപ്രതികരണവുമായി നടൻ ആസിഫ് അലി. വിഷയത്തിൽ തനിക്ക് സോഷ്യൽ മീഡിയയിൽ ഉൾപ്പടെ പിന്തുണ അറിയിച്ച എല്ലാവർക്കും നന്ദി. കലയ്‌ക്കൊപ്പം കലാകാരന്മാരെയും സ്നേഹിക്കുന്നവരാണ് മലയാളികൾ എന്ന് ഇന്നലെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽൽ സെന്റ് ആൽബർട്‌സ് കോളേജിൽ നടന്ന സിനിമാ പ്രമോഷന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എന്റെ വിഷമങ്ങളും പ്രശ്നങ്ങളും എന്റേത് മാത്രമാണ്. എന്നെ പിന്തുണയ്ക്കുന്നത് മറ്റൊരാൾക്ക് എതിരെയുള്ള ഹേറ്റ് കാമ്പയിനായി മാറരുത്. രമേശ് നാരായണൻ അനുഭവിച്ച വിഷമം എനിക്ക് മനസിലാകും. ഒരുപാട് പ്രശ്നങ്ങളുടെ ഇടയിലാണ് അദ്ദേഹം ഉണ്ടായിരുന്നത്. അപ്പോൾ ആ ഒരു നിമിഷത്തിൽ നമ്മെളെല്ലാവരും റിയാക്ട് ചെയ്യുന്നതുപോലെയാണ് അദ്ദേഹവും റിയാക്‌ട് ചെയ്തത്. ആരും മനഃപൂർവം അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല. ആ സമയം വേദിയിലുണ്ടായ സംഭവങ്ങളുടെ പ്രതിഫലനമാകാം അദ്ദേഹത്തിനൽ നിന്നുണ്ടായത്. സംഭവിച്ചതിൽ എനിക്ക് വിഷമമോ പരാതിയോ ഇല്ല. രമേശ് നാരായണനുമായി ഫോണിൽ സംസാരിച്ചു. സംസാരിച്ചപ്പോൾ അദ്ദേഹത്തിന്റെ തൊണ്ടയിടറി. അദ്ദേഹത്തെപ്പോലുള്ള ഒരാൾ ക്ഷമ പറയേണ്ടതില്ല' ആസിഫലി പറഞ്ഞു.
എം ടി വാസുദേവൻ നായരുടെ ഒമ്പത് ചെറുകഥകളെ അടിസ്ഥാനമാക്കിയുള്ള ആന്തോളജി സിനിമയായ 'മനോരഥങ്ങളു'ടെ ട്രെയിലർ ലോഞ്ചിംഗുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വൈകിട്ട് എറണാകുളം ക്രൗൺപ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിനിടെയായിരുന്നു വിവാദ സംഭവങ്ങൾ അരങ്ങേറിയത്.
ചടങ്ങിൽ കലാകാരന്മാർക്ക് ഉപഹാരങ്ങൾ നൽകിയിരുന്നു. രമേശ് നാരായണന് മെമന്റോ നൽകാൻ സംഘാടകർ നിയോഗിച്ചത് ആസിഫ് അലിയെയാണ്. ആസിഫ് പുഞ്ചിരിച്ചുകൊണ്ട് രമേശ് നാരായണന് മെമന്റോ സമ്മാനിക്കാനെത്തി. അദ്ദേഹത്തിന്റെ മുഖത്ത് ഒന്നുനോക്കുകപോലും ചെയ്യാതെ ഉപഹാരം വാങ്ങിയ രമേശ് സദസിൽ മറ്റൊരിടത്ത് ഇരുന്ന സംവിധായകൻ ജയരാജിനെ ആംഗ്യം കാട്ടി വിളിച്ചുവരുത്തി.
തുടർന്ന് അദ്ദേഹത്തിന്റെ കൈയിൽ ഉപഹാരം കൊടുത്തശേഷം തിരികെ സ്വീകരിച്ചു. ജയരാജിനെ കെട്ടിപ്പിടിച്ച് ഹസ്തദാനം നൽകി. ഇതിനിടെ ആസിഫ് അലി സീറ്റിലേക്ക് മടങ്ങി. സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടർന്ന് രമേശ് നാരായണനെ വിമർശിച്ച് സിനിമാ പ്രവർത്തകരുൾപ്പെടെ രംഗത്തുവന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |