ശിവഗിരി: ശ്രീനാരായണ സമൂഹം കാലഘട്ടത്തിന്റെ ശബ്ദം മനസ്സിലാക്കി സംഘടിത ശക്തിയായി പ്രവർത്തിക്കണമെന്ന് സ്വാമി സച്ചിദാനന്ദ. ശ്രീനാരായണ പ്രസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.
ഹിന്ദുമതം, ക്രിസ്തുമതം, ഇസ്ലാംമതം, ബുദ്ധമതം നിരീശ്വരവാദികൾ തുടങ്ങി എല്ലാറ്റിനേയും ഉൾക്കൊള്ളാനുള്ള കരുത്ത് ശ്രീനാരായണീയ ദർശനത്തിനുണ്ട്. ഗുരുദേവൻ ഏറ്റവും അവസാനം എസ്.എൻ.ഡി.പി.യോഗത്തിനു നല്‍കിയ സന്ദേശമായ, ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന സനാതന ധർമ്മം ഉൾക്കൊണ്ടാണ് ജീവിക്കേണ്ടതെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിച്ചു. മാനവ സമൂഹത്തിന്റെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിന് സംഘടിത ശ്രമങ്ങൾ അനിവാര്യമാണെന്നാണ് ദീർഘദർശിയായ ശ്രീനാരായണഗുരുദേവൻ സമൂഹത്തെ ഓർമ്മപ്പെടുത്തിയതെന്ന് സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.
ഗുരുധർമ്മ പ്രചരണ സഭാസെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ, ശ്രീനാരായണ ഓർഗനൈസേഷൻ പ്രസിഡന്റ് കെ.കെ. ശശിധരൻ, ഗ്ലോബൽ ശ്രീനാരായണ ഓർഗനൈസേഷൻ സെക്രട്ടറി ടി.എസ്. ഹരീഷ് കുമാർ, ഗുരുധർമ്മ പ്രചരണ സഭ രജിസ്ട്രാർ കെ.ടി. സുകുമാരൻ, ശ്രീനാരായണ മതസംഘം ചെയർമാൻ എസ്. സുവർണകുമാർ, ജയ്പൂർ ശ്രീനാരായണ ഗുരുധർമ്മ സേവാ സമിതിയുടെ അഡ്വ. സഞ്ജയ് കൃഷ്ണ, ശ്രീനാരായണ മിഷൻ ചെയർമാൻ കുറിച്ചി സദൻ, ഗോവ ശ്രീനാരായണഗുരു സമിതി ട്രഷറർ ശശിധരൻ, പാറയ്ക്കൽ ശ്രീനാരായണ സേവാസംഘം ട്രസ്റ്റ് ഡയറക്ടർ കെ.എൻ. ഭദ്രൻ, മുംബയ് ശ്രീനാരായണ മന്ദിരസമിതി പ്രതിനിധി അഡ്വ. പത്മാദിവാകരൻ, പ്രതിഭ അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോ: ശിവഗിരിയിൽ നടന്ന ശ്രീനാരായണ പ്രസ്ഥാന നേതൃസംഗമം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഗുരുധർമ്മ പ്രചരണ സഭാസെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി തുടങ്ങിയവർ സമീപം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |