ശിവഗിരി: മതനിരപേക്ഷ ജനാധിപത്യ സമൂഹത്തിന് അടിത്തറയിട്ട ആചാര്യനായിരുന്നു ശ്രീനാരായണഗുരുദേവനെന്നും, അരുവിപ്പുറം പ്രതിഷ്ഠയിലൂടെ അദ്ദേഹം ആധുനിക കേരളത്തിന് ശിലാസ്ഥാപനം നടത്തുകയായിരുന്നുവെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. 92-ാമത് ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അരുവിപ്പുറം പ്രതിഷ്ഠയിലൂടെയാണ് നവോത്ഥാനത്തിന് തുടർച്ചയുണ്ടായത്. രാജ്യത്തിനുള്ള വെളിച്ചം കൂടിയായിരുന്നുഅത്. പ്രതിഷ്ഠയ്‌ക്കുശേഷം അദ്ദേഹം അവിടെ എഴുതി വച്ചത് സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിതെന്നാണ്. ആ സ്ഥാനം കേരളത്തിന് നിലനിറുത്താൻ സാധിക്കുന്നുണ്ട്. ഗുരുദേവൻ രേഖപ്പെടുത്തിയ സോദരത്വേന എന്ന ആശയം ഭരണഘടനയിലും വന്നു. ഭരണഘടന എഴുതുന്നതിനും 62 വർഷം മുമ്പാണ് സാഹോദര്യമെന്ന ആശയം ഗുരു ഇന്ത്യയ്‌ക്ക് സമ്മാനിച്ചത്.
പ്രതിഷ്ഠകളുടെ അർത്ഥത്തെ വിപ്ളവകരമായി പുനർനിർവചിക്കുകയായിരുന്നു ഗുരു. മതാതീത മാനവികതയിൽ അടിയുറച്ച ദർശനമായിരുന്നു ഗുരുവിന്റേത്. മതത്തിന്റെ പേരിൽ അസഹിഷ്ണുത പടരുന്ന ഇക്കാലത്ത് മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന കാലാതിവർത്തിയായ സന്ദേശത്തിന് പകരം മറ്റെന്തുണ്ട്.? സ്നേഹത്തിലധിഷ്ഠിതമായിരുന്നു ഗുരുദർശനം. അദ്വൈതത്തെ അദ്ദേഹം ഒന്നെന്ന് പുനർവ്യാഖ്യാനിച്ചു. ജാതിയെ ഉച്ചാടനം ചെയ്യാൻ പ്രവർത്തിച്ചതിലാണ് ഗുരുവും ഭരണഘടനാ ശില്പി ഡോ. അംബേദ്കറും ഒന്നിക്കുന്നത്. മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്ന് ഗുരു സ്ഥാപിച്ചു. വ്യവസ്ഥകളെ നിഷേധിച്ച സന്യാസി ശ്രേഷ്ഠനായിരുന്നു ഗുരു.
അത്ഭുതപ്പെടുത്തുന്ന ക്രാന്തദർശിത്വമാണ് ഗുരുവിന്റെ കൃതികളിൽ. വർഗീയതയ്ക്കെതിരായ സന്ദേശം നൽകിയ ഗുരു തെളിച്ച വഴികളിലൂടെയാണ് കേരളം സഞ്ചരിക്കുന്നത്. ആധുനിക ജീവിതം മെച്ചപ്പെടുത്താനുള്ള സത്യാന്വേഷണമെന്ന നിലയ്ക്കാണ് ഗുരു ശിവഗിരി തീർത്ഥാടനം വിഭാവനം ചെയ്തതെന്നും മന്ത്രി രാജേഷ് ചൂണ്ടിക്കാട്ടി.
ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ, അടൂർപ്രകാശ് എം.പി, മുൻകേന്ദ്ര മന്ത്രി വി. മുരളീധരൻ, വി. ജോയി എം.എൽ.എ, ശിവഗിരി തീർത്ഥാടന കമ്മിറ്റി ചെയർമാൻ കെ. മുരളീധരൻ, വർക്കല നഗരസഭ ചെയർമാൻ കെ.എം. ലാജി, തീർത്ഥാടന കമ്മിറ്റി വർക്കിംഗ് ചെയർമാൻ കെ.ജി. ബാബുരാജ്, സ്വാമി വിശാലാനന്ദ, സ്വാമി ശങ്കരാനന്ദ തുടങ്ങിയവർ പ്രസംഗിച്ചു. തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ സ്വാഗതവും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |