ശിവഗിരി: ഗുരുദേവന്റെ ആദർശങ്ങളെ മാത്രമല്ല, അദ്ദേഹത്തെയും റാഞ്ചിയെടുക്കാൻ ചില ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഗുരുദേവനെ ആർക്കും വിട്ടുകൊടുക്കാനാവില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള വിദ്യാർത്ഥി യുവജന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു ജാതി, ഒരു മതം, ഒരു ദൈവമെന്ന് ഉദ്‌ഘോഷിച്ച വിശ്വപൗരനായ ശ്രീനാരായണ ഗുരുദേവനെ സനാതന ധർമ്മത്തിന്റെ പേരു പറഞ്ഞ് ചതുർവാർണ്യത്തിലും വർണാശ്രമത്തിലും തളയ്‌ക്കാൻ ശ്രമം നടക്കുന്നു. ജാതിയും മതവും അതിന്റെ വേലിക്കെട്ടുകളുമൊക്കെ ഇപ്പോഴും നമ്മെ വരിഞ്ഞു മുറുക്കുന്നു. ഒരു ജാതി ഒരു മതം ഒരു ദൈവമെന്ന വിപ്ലവകരായ ശബ്ദം ഉയർന്ന പ്രദേശമാണിത്. അവർണരെന്നും സവർണരെന്നും ജനങ്ങളെ വേർതിരിച്ച് മതിൽ കെട്ടിയ കാലം. ഗരുവിന്റെ എല്ലാ പ്രവർത്തനങ്ങളുടെയും കുന്തമുന അവർണന്റെ സ്വത്വബോധത്തെ ഉണർത്താനുള്ളതായിരുന്നു. ഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത് അടിച്ചമർത്തിയവർക്ക് ഉയിർത്തെഴുന്നേൽക്കാനുള്ള ആദ്യത്തെ കാഹളമായിരുന്നു. ബ്രാഹ്മണനല്ലാത്ത ഒരാൾക്ക് ദൈവപ്രതിഷ്ഠ നടത്താമെന്ന് അദ്ദേഹം തെളിയിച്ചു. സവർണമേധാവിത്വത്തോടുള്ള തുറന്ന വെല്ലുവിളിയായിരുന്നു അതെന്നും സുധാകരൻ പറഞ്ഞു.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. എ.എ. റഹീം എം.പി, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ, കേംബ്രിഡ്ജ് മേയർ ബൈജു തിട്ടാല, കെ.പി.സി.സി ജനറൽ സെക്രട്ടറി എം. ലിജു, ഗുരുധർമ്മപ്രചാരണ സഭ ചീഫ് കോ-ഓർഡിനേറ്റർ സത്യൻ പന്തത്തല, എ.ഐ.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. ജയൻ, ജി.ഡി.പി.എസ് വൈസ് പ്രസിഡന്റ് വി.കെ. മുഹമ്മദ്, ഗോവ എസ്.എൻ.ജി.എം.എസ് മുൻ പ്രസിഡന്റ് കെ.ആർ. ശശിധരൻ, ആർ. രാഗേഷ്, ഗോവ ജി.ഡി.പി.എസ് ആക്ടിംഗ് കൺവീനർ പി.ജി. ബാബു, ടി.കെ. ശ്രീനാരായണദാസ് എന്നിവർ പ്രസംഗിച്ചു. സ്വാമി അസംഗാനന്ദഗിരി സ്വാഗതവും സ്വാമി അംബികാനന്ദ നന്ദിയും പറഞ്ഞു.
ഗുരുദർശനപ്രചാരണത്തിന് മൈക്രോസൈറ്റ്: മന്ത്രി റിയാസ്
ശ്രീനാരായണ ഗുരുദേവന്റെ ദർശനവും ശ്രേഷ്ഠതയും ലോകമെമ്പാടുമെത്തിക്കാൻ സംസ്ഥാന ടൂറിസം വകുപ്പ് മൈക്രോസൈറ്റ് തയ്യാറാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിലേക്ക് എത്തുന്ന, ലോകത്ത് എവിടെയുമുള്ള സഞ്ചാരികൾക്ക് ഗുരുസന്ദേശം പകർന്നുനൽകാനുള്ള മൈക്രോസൈറ്റ് തയ്യാറാക്കുന്ന വിവരം വിദ്യാർത്ഥി യുവജന സമ്മേളനത്തിലാണ് മന്ത്രി അറിയിച്ചത്.
ശിവഗിരിയിൽ വച്ചുതന്നെ ഇക്കാര്യം അറിയിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ ഉള്ളടക്കം ചെയ്ത വിവിധ ഭാഷകളിലുള്ള മൈക്രോസൈറ്റാണ് സജ്ജമാക്കുക. ഗുരുവിനെക്കുറിച്ചും അദ്ദേഹത്തിന്റെ നവോത്ഥാന പ്രവർത്തനങ്ങളെക്കുറിച്ചും അറിയാൻ കഴിയുന്ന ഒന്നായി മൈക്രോസൈറ്റിനെ വികസിപ്പിക്കും. ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങൾ, ആശ്രമങ്ങൾ തുടങ്ങിയവയെക്കുറിച്ച് ഇതിലൂടെ ലോകത്തിന് കൂടുതൽ മനസിലാക്കാനാകും. ശിവഗിരി മഠത്തെയും തീർത്ഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങളെയുംകുറിച്ച് സൈറ്റിൽ വിശദീകരണം നൽകും. ഇവിടേക്ക് കൂടുതൽ സഞ്ചാരികളെ എത്തിക്കുന്നതിനും മൈക്രോസൈറ്റ് വഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |