ശിവഗിരി: ശ്രീനാരായണഗുരു സനാതന ധർമ്മത്തിന്റെ വക്താവോ പ്രയോക്താവോ അല്ലെന്നും ആ ധർമ്മത്തെ ഉടച്ചുവാർത്ത് പുതിയ കാലത്തിനായുള്ള നവയുഗ ധർമ്മത്തെ വിളംബരം ചെയ്ത സന്യാസിവര്യനായിരുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വർണാശ്രമ ധർമ്മത്തെ വെല്ലുവിളിച്ചും മറികടന്നും കാലത്തിനൊത്തു നിലനിൽക്കുന്നതാണ് ഗുരുവിന്റെ നവയുഗ മാനവിക ധർമ്മം. 92-ാമത് ശിവഗിരി തീർത്ഥാടന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
ലോകത്തിന്റെ പല ഭാഗങ്ങളിലും മതത്തിന്റെ പേരിലുള്ള ചിന്തകൾ തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കും നീങ്ങുകയാണ്. പല ഭാഗങ്ങളിലും ചോരപ്പുഴകൾ ഒഴുകുന്നുണ്ട്. ജാതിയുടെയും മതത്തിന്റെയും വംശത്തിന്റെയും പേരിൽ അക്രമം നടത്തുന്നവരിലേക്ക് 'പലമതസാരവുമേകം" എന്ന ഗുരുസന്ദേശം എത്തിക്കാൻ കഴിഞ്ഞാൽ അത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കും.
ഗുരു മനുഷ്യത്വം പടർത്തിയ മണ്ണായതിനാലാണ് കേരളത്തിൽ വംശീയ വിദ്വേഷം ഭീകരമായ തോതിൽ ആളിപ്പടരാത്തത്. ആലുവ സർവമത സമ്മേളനത്തിന്റെ ശതാബ്ദി റോമിൽ ആഘോഷിക്കുകയും മാർപാപ്പ ഉൾപ്പെടെ അതിന്റെ ഭാഗമാവുകയും ചെയ്തത് ഏറെ ശ്ലാഘനീയമാണ്.
സാങ്കേതിക ജ്ഞാനമടക്കം നേടണമെന്ന് അന്നേ ഗുരു പറഞ്ഞു. ഈ പാതയിലാണ് സംസ്ഥാനം ഇപ്പോൾ നീങ്ങുന്നതെന്ന് അഭിമാനപൂർവം പറയാനാവും.
ജാതിഭേദവും മതദ്വേഷവുമില്ലാത്ത കേരളമെന്ന ഗുരുവിന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കുമെന്ന ദൃഢപ്രതിജ്ഞയോടെ വേണം ഓരോ തീർത്ഥാടകനും മടങ്ങാനെന്നും പിണറായിവിജയൻ പറഞ്ഞു.
ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. മന്ത്രി വി.എൻ.വാസവൻ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, കെ. മുരളീധരൻ, എം.എൽ.എമാരായ വി.ജോയ്, ചാണ്ടിഉമ്മൻ, വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി, ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, കെ.ജി.ബാബുരാജൻ (ബഹറിൻ), മുംബയ് ശ്രീനാരായണ മന്ദിരസമിതി ചെയർമാൻ എം.ഐ.ദാമോദരൻ, റെയിൽവേ അമിനിറ്റീസ് ബോർഡ് ചെയർമാൻ പി.കെ.കൃഷ്ണദാസ്, ഇൻഡോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഒഫ് കൊമേഴ്സ് സെക്രട്ടറി ജനറൽ ഡോ.സുരേഷ് കുമാർ മധുസൂദനൻ, വർക്കല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശൻ, മുൻ എം.എൽ.എ വർക്കല കഹാർ തുടങ്ങിയവർ പങ്കെടുത്തു.
ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ നന്ദിയും പറഞ്ഞു.
ചോദ്യം ഉന്നയിച്ച് വിശദീകരണം
1. ചാതുർവർണ്യ പ്രകാരമുള്ള വർണാശ്രമധർമ്മം ഉയർത്തിപ്പിടിച്ചത് കുലത്തൊഴിലിനെയാണ്. ഗുരു കുലത്തൊഴിലിനെ ധിക്കരിക്കാൻ ആഹ്വാനം ചെയ്തു. ആ ഗുരു എങ്ങനെ സനാതന ധർമ്മത്തിന്റെ വക്താവാകും?
2. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന് ഉദ്‌ഘോഷിച്ച ഗുരു എങ്ങനെ ഒരു മതത്തിന്റെ പരിമിതിയിൽ രൂപപ്പെട്ടുവന്ന സനാതന ധർമ്മത്തിന്റെ വക്താവാകും?
3. മതങ്ങൾ നിർവചിച്ചുവച്ചതൊന്നുമല്ല ഗുരുവിന്റെ നവയുഗ ധർമ്മം. അതിനെ സനാതനധർമ്മത്തിന്റെ ചട്ടക്കൂടിലാക്കാൻ ശ്രമിച്ചാൽ വലിയ ഗുരുനിന്ദയാവും - മുഖ്യമന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |