ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ മഹത്തായ ഉപദേശങ്ങളെയും ഉദ്ബോധനങ്ങളെയും സംബന്ധിച്ചുള്ള പഠനങ്ങളും ചർച്ചകളുമാണ് ഗുരുകുല കൺവെൻഷൻ ഉയർത്തിപ്പിടിക്കുന്നതെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. 74-ാമത് നാരായണഗുരുകുല കൺവെൻഷൻ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
പ്രപഞ്ചത്തെയും മനുഷ്യനെയും ചുറ്റുപാടുകളെയും കുറിച്ച് അറിയുവാനും ഉൾക്കൊള്ളുവാനും ജീവിതത്തിന്റെ ആത്യന്തികമായ ലക്ഷ്യത്തെ അന്വർത്ഥമാക്കാനുമുള്ള പാന്ഥാവ് വെട്ടിത്തുറക്കുകയാണ് ഗുരുദേവൻ ചെയ്തത്. മനസികമായും ചിന്താപരമായും ധൈഷണികപരമായുമൊക്കെ മനുഷ്യൻ നന്നാകേണ്ടതുണ്ട്. അല്ലെങ്കിൽ മനുഷ്യ രൂപത്തിലുള്ള മൃഗങ്ങളായി മാത്രമേ നമുക്ക് ജീവിക്കുവാൻ കഴിയു. മാനുഷിക മൂല്യങ്ങളെയും ജീവിത മൂല്യങ്ങളെയും ഉയർത്തിപ്പിടിക്കുവാനും ഹൃദയം കൊണ്ട് ഏറ്റുവാങ്ങുവാനും നമുക്ക് കഴിയണം. അതിനുള്ള ജീവിത ശൈലിയാണ് ഗുരുദേവൻ നമുക്ക് തന്നിട്ടുള്ളത്. ഗുരുവിന്റെ ജീവിതവും ദർശനവും സമൂഹത്തിന്റെ ജീവിതഗന്ധികളായ എല്ലാ വിഷയങ്ങളിലേക്കും കടന്നുചെല്ലുകയും അശാസ്ത്രീയ ധാരണകൾ സമൂലം തിരുത്തി ശാസ്ത്രീയ അവബോധം നൽകുകയും ചെയ്തു. പലവിധത്തിലുള്ള ബന്ധത്തിലും ബന്ധനത്തിലും പെട്ട് ഉഴലുകയാണ് മനുഷ്യൻ. ഇതിനു അടിസ്ഥാന കാരണം അജ്ഞാനമാണ്.
ഗുരുവിന്റെ ദാർശനിക മേഖലയിലേക്ക് ജനഹൃദയങ്ങളെ ചേർത്തുനിറുത്തി അറിവ് പകർന്നു കൊടുക്കുവാൻ നടരാജഗുരുവിലൂടെയും ഗുരുനിത്യചൈതന്യയതിയിലൂടെയും ഗുരു മുനിനാരായണ പ്രസാദിലൂടെയും നാരായണ ഗുരുകുലത്തിന് കഴിഞ്ഞിട്ടുണ്ടെന്നും സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |