തലയിണയ്‌ക്കടിയിൽ വിഷപാമ്പ്‌; തൃശൂരിൽ ഉറങ്ങിക്കിടന്ന സഹോദരങ്ങൾക്ക് കടിയേറ്റു, എട്ട്‌ വയസുകാരന് ദാരുണാന്ത്യം

Sunday 19 April 2026 11:29 AM IST

തൃശൂർ: സഹോദരനൊപ്പം ഉറങ്ങിക്കിടന്ന എട്ടുവയസുകാരൻ പാമ്പ് കടിയേറ്റുമരിച്ചു. തൃശൂർ കോടാലിയിൽ കാവുങ്ങൽ സിൽജോ-ജോൺസി ദമ്പതികളുടെ ഇളയ മകൻ ആൽജോയാണ് മരിച്ചത്. സഹോദരൻ അനോജിനും (10) പാമ്പ് കടിയേറ്റു. അനോജ് അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികൾ ഉറങ്ങിക്കിടന്ന മുറിയിലെ തലയിണയ്‌ക്കടിയിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്.

ഇന്ന് പുലർച്ചെ രണ്ട് മണിയോടുകൂടി കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കിടക്കുന്നതിന്‌ മുൻപ് അവക്കാഡോ ജ്യൂസ് കുടിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധ ആയിരിക്കാമെന്നാണ് രക്ഷിതാക്കൾ ആദ്യം കരുതിയത്. ഉടൻ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടികളെ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് പാമ്പ് കടിയേറ്റിട്ടുണ്ടെന്ന് കണ്ടെത്തിയത്. കുട്ടികളുടെ ദേഹത്ത് പാമ്പ് കടിയേറ്റത്തിന്റെ അടയാളങ്ങളും കണ്ടെത്തി.

അൽപസമയത്തിനുള്ളിൽ തന്നെ ഇളയകുട്ടിയായ ആൽജോയ്‌ക്ക് ജീവൻ നഷ്‌ടമായി. ഗുരുതരാവസ്ഥയിലായിരുന്ന അനോജിനെ അങ്കമാലിയിലെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി.പിന്നീട് നാട്ടുകാരും ബന്ധുക്കളും കുട്ടികൾ ഉറങ്ങിക്കിടന്ന മുറിയിൽ നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് തലയിണയ്‌ക്കടിയിൽ നിന്നും പാമ്പിനെ കണ്ടെത്തിയത്. ശംഖുവരയൻ (വെള്ളിക്കെട്ടൻ) ഇനത്തിൽപ്പെട്ട പാമ്പിനെ നാട്ടുകാർ തല്ലിക്കൊന്നു.