കോട്ടയം: മകളുടെ പ്രണയബന്ധത്തെ ചൊല്ലിയുണ്ടായ വഴക്കിനൊടുവിൽ വീടുപൂട്ടി ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ വീട്ടമ്മയും ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭർത്താവും മകളും മരിച്ചു. മകന് പൊള്ളലേറ്റു. തീ പടർന്ന് വീട് പൂർണമായി കത്തിനശിച്ചു. ജൂബിലി ലൈറ്റ് ആൻഡ് സൗണ്ട്‌സ് ഉടമ എരുമേലി കനകപ്പലം ശ്രീനിപുരം പുത്തൻപുരയ്ക്കൽ സത്യപാലൻ (53), ഭാര്യ ശ്രീജ (സീതമ്മ, 48), മകൾ അഞ്ജലി (29) എന്നിവരാണ് മരിച്ചത്. മകൻ അഖിലേഷ് (ഉണ്ണിക്കുട്ടൻ, 25) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. വീട്ടിൽ നിന്ന് ബഹളവും തീയും പുകയും ഉയരുന്നത് കണ്ട് പ്രദേശവാസികൾ ഓടിയെത്തി വെള്ളം ഒഴിച്ച് കെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സാഹസികമായി കതക് പൊളിച്ച് അഞ്ജലിയെയും സത്യപാലനെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. പിന്നീടാണ് ശ്രീജയുടെ മൃതദേഹം കണ്ടെത്തിയത്. ബാത്ത് റൂമിലായിരുന്ന അഖിലേഷ് തീപടരുന്നത് കണ്ട് പുറത്തേക്ക് ഓടുന്നതിനിടെയാണ് പൊള്ളലേറ്റത്. സത്യപാലനെയും, അഞ്ജലിയെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു.
വിദേശത്ത് ജോലി ചെയ്യുന്ന അഞ്ജലി നാലുദിവസം മുൻപാണ് നാട്ടിലെത്തിയത്. ചായക്കട നടത്തുകയായിരുന്ന സത്യപാലൻ പിന്നീടാണ് മൈക്ക് സെറ്റ് വാടകയ്ക്ക് നൽകുന്ന സ്ഥാപനം ആരംഭിച്ചത്. ഇവിടെ ജോലി ചെയ്തിരുന്ന സമീപവാസിയായ യുവാവുമായി അഞ്ജലി അടുപ്പത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാനും തീരുമാനിച്ചു. എന്നാൽ, മാതാപിതാക്കൾ എതിർത്തു. ഇന്നലെ ഉച്ചയോടെ യുവാവും സുഹൃത്തുക്കളും അഞ്ജലിയുടെ വീട്ടിലെത്തി മടങ്ങിപ്പോയശേഷം വഴക്കുണ്ടായി.
ഭർത്താവിന്റെ സ്ഥാപനത്തിലെ ഉപയോഗത്തിന് വാങ്ങിവച്ചിരുന്ന പെട്രോളെടുത്ത് ശ്രീജ ദേഹത്ത് ഒഴിച്ചു തീകൊളുത്തി. ശ്രീജയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അഞ്ജലിക്കും സത്യപാലനും ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു. അതിനിടെ വീട്ടിലേക്കും തീപടർന്നു.
കാഞ്ഞിരപ്പള്ളിയിൽ നിന്ന് അഗ്നിശമന സേന എത്തിയാണ് തീയണച്ചത്.
ശ്രീജയുടെ മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലും സത്യപാലന്റെയും അഞ്ജലിയുടെയും മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലും. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് എരുമേലി എസ്.ഐ ജി.രാജേഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |