തിരുവനന്തപുരം /വക്കം : ഗ്രാമപഞ്ചായത്ത് അംഗമായ യുവാവിനെയും അമ്മയെയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വക്കം നിലയ്ക്കാമുക്ക് മംഗ്ലാംവിള പ്രോഗ്രസീവ് ലൈബ്രറിക്ക് സമീപം നെടിയവിള വീട്ടിൽ അരുൺ (42), അമ്മ വത്സല (71) എന്നിവരെയാണ് ഇരുനില വീട്ടിലെ ഒന്നാം നിലയിലെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വക്കം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ഒമ്പതാം വാർഡ് മെമ്പറുമായ അരുൺ കോൺഗ്രസ് നേതാവാണ്.
ഇന്നലെ വെളുപ്പിന് രണ്ടുമണിയോടെ പഞ്ചായത്തിലെ സഹമെമ്പർക്കും അടുത്ത സുഹൃത്തുക്കൾക്കും വാട്സ്ആപ്പിൽ ആത്മഹത്യക്കുറിപ്പ് അയച്ചിരുന്നു. മരണത്തിന് ഉത്തരവാദികളായ നാലുപേരെ കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട് . ജാത്യാധിക്ഷേപം നടത്തിയതായും കവർച്ച നടത്തിയതായും ആരോപിച്ച് ഇവർ നൽകിയ കേസുകളിൽ താൻ നിരപരാധിയാണെന്ന് കുറിപ്പിലുണ്ട്. പഞ്ചായത്ത് ലെറ്റർ പാഡിലാണ് ആത്മഹത്യക്കുറിപ്പ്.
കേസ് നിലനിൽക്കുന്നതിനാൽ പാസ്പോർട്ട് പുതുക്കാനോ ജോലിക്കായി പൊലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങാനോ സാധിക്കുന്നില്ല. അമ്മയ്ക്കും ഭാര്യയ്ക്കും മകനും താനില്ലാതെ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും ഈ അവസ്ഥ മാനസികമായി ബുദ്ധിമുട്ടിക്കുന്നതിനാൽ ജീവിതം അവസാനിപ്പിക്കുന്നു എന്നുമാണ് കുറിപ്പിലുള്ളത്. അരുണിന്റെ ഭാര്യയും മകനും സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നില്ല.
പുലർച്ചെ വാട്സ് ആപ്പ് സന്ദേശം കണ്ട സുഹൃത്തുക്കൾ ഫോണിൽ വിളിച്ചുനോക്കിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് ഇവർ അരുണിന്റെ വീട്ടിൽ എത്തിയപ്പോൾ ഗേറ്റും പ്രധാന വാതിലും തുറന്ന് കിടക്കുകയായിരുന്നു. പരിശോധനയിലാണ് ഒന്നാം നിലയിൽ പുറകുവശത്തായി ഷീറ്റിട്ട മേൽക്കൂരയിൽ ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കടയ്ക്കാവൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി.
അമ്മയും മകനും ഒരുമിച്ചാണോ മരിച്ചത്, അതല്ല, മകൻ ആത്മഹത്യ ചെയ്തത് കണ്ടശേഷം അമ്മ ആത്മഹത്യ ചെയ്യുകയായിരുന്നോ എന്നുള്ള കാര്യം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ പറയാനാകൂവെന്ന് പൊലീസ് പറഞ്ഞു.
ആത്മഹത്യക്ക് കാരണക്കാരായ ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ മൃതദേഹങ്ങളുമായി കടയ്ക്കാവൂർ പൊലീസ് സ്റ്റേഷന് മുന്നിൽ ഉപരോധം നടത്തി. നടപടിയെടുക്കാമെന്ന് ഡി വൈ.എസ്.പി ബി.ഗോപകുമാർ നൽകിയ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
വക്കം ഗ്രാമപഞ്ചായത്തിലെ പൊതുദർശനത്തിനുശേഷം വൈകിട്ട് 7 മണിയോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. റീമയാണ് അരുണിന്റെ ഭാര്യ .മകൻ തേജസ് നിലയ്ക്കാമുക്ക് ഗവ. യു.പി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |