തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജ് ദുരന്തത്തിൽ മരണപ്പെട്ട ബിന്ദുവിന്റെ മകന് സ്ഥിരം ജോലി അടക്കമുള്ള സഹായങ്ങൾ നൽകി പ്രശ്നം തണുപ്പിക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ, പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ നീക്കം.
യൂത്ത് കോൺഗ്രസും യൂത്ത് ലീഗും ഉൾപ്പെടെയുള്ള സംഘടനകൾ ശക്തമായി സമര രംഗത്തുണ്ട്. മന്ത്രി ബിന്ദുവിന്റെ രാജി ആവശ്യമുന്നയിച്ചുള്ള സമരം തുടരും .
സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ആശുപത്രികളുടെ ശോച്യാവസ്ഥയും അസൗകര്യങ്ങളും ചൂണ്ടിക്കാട്ടിയാണ് സമരം . സാധാരണ ജനങ്ങളെ ബാധിക്കുന്ന വിഷയമെന്ന നിലയ്ക്ക് രാഷ്ട്രീയത്തിന് അപ്പുറമായ മറ്റൊരു തലം വിഷയത്തിനുണ്ട്. ബിന്ദുവിന്റെ കുടുംബത്തെ ചേർത്തു നിറുത്തി ഇപ്പോഴത്തെ അവസ്ഥയ്ക്ക് അയവു വരുത്താനുള്ള നല്ല ശ്രമങ്ങൾ സർക്കാർ നടത്തുന്നുണ്ടെങ്കിലും ബി.ജെ.പിയും ഇത് സർക്കാരിനെതിരായ ആയുധമാക്കാൻ ശ്രമിക്കുന്നുണ്ട്.സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾ കേന്ദ്രീകരിച്ചാണ് പ്രതിഷേധം . വിഷയത്തിൽ സ്വീകരിക്കേണ്ട തുടർ നടപടികൾ യു.ഡി.എഫ് നേതൃത്വം അടുത്ത ദിവസങ്ങളിൽ തീരുമാനിക്കും.അതിനിടെ,
മന്ത്രി വീണാ ജോർജിന്റെ സുരക്ഷ സർക്കാർ കൂട്ടിയിട്ടുണ്ട്.
പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു
കോട്ടയം : മെഡിക്കൽ കോളേജ് അപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ജില്ലാ കളക്ടർ ജോൺ വി.സാമുവൽ സർക്കാരിന് സമർപ്പിച്ചു. മരിച്ച ബിന്ദുവിന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും, വീടിന്റെ സാഹചര്യങ്ങളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്തിമ റിപ്പോർട്ട് ഏഴ് ദിവസത്തിനുള്ളിൽ സമർപ്പിക്കും. ഇതുകൂടി പരിഗണിച്ചാകും സർക്കാർ ധനസഹായം പ്രഖ്യാപിക്കുക. 11 ന് ചേരുന്ന മന്ത്രിസഭായോഗംഇക്കാര്യം ചർച്ച ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |