കോട്ടയം : അഭിഭാഷകയായ ജിസ്മോളും മക്കളും മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി സുഹൃത്ത് നിള. ഭർത്തൃ വീട്ടിൽ ക്രൂരപീഡനമാണ് നേരിട്ടത്. വീട്ടിൽ കലഹങ്ങൾ പതിവായിരുന്നു. ജിസ്മോളുടെയും, മകളുടെയും നിറത്തെ ചൊല്ലി ഭർത്തൃ മാതാവ് നിരന്തരം അപമാനിച്ചിരുന്നു. കഴിഞ്ഞ നവംബറിൽ ജിസ്മോളെ നേരിൽ കണ്ടിരുന്നു. ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞ് അവൾ കരഞ്ഞു. സ്ത്രീധനത്തെ ചൊല്ലിയും തർക്കങ്ങളുണ്ടായിരുന്നു. ഭർത്താവ് ജിമ്മി മർദ്ദിച്ചെന്നും ഒരാഴ്ചയോളം വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്നും ജിസ്മോൾ പറഞ്ഞു. കുടുംബത്തെ ഓർത്ത് ജിസ്മോൾ കൂടുതൽ പ്രശ്നങ്ങൾ പുറത്ത് പറഞ്ഞിരുന്നില്ലെന്നും നിള പറഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡി.ജി.പിയ്ക്കും വനിതാ കമ്മിഷനും ജിസ്മോളുടെ കുടുംബം ഇന്ന് പരാതി നൽകും.
ക്ഷേത്രങ്ങളിലെ രാഷ്ട്രീയ പ്രചാരണം
അനുവദിക്കില്ല: മന്ത്രി വാസവൻ
തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ രാഷ്ട്രീയ പ്രചാരണങ്ങൾ അനുവദിക്കില്ലെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ക്ഷേത്രങ്ങൾ വിശ്വാസി സമൂഹത്തിന്റെ ആഘോഷങ്ങളുടെ വേദിയാണ്. ക്ഷേത്രങ്ങളിൽ ആചാര അനുഷ്ഠാനങ്ങൾക്കനുസരിച്ച് വിശ്വാസി സമൂഹത്തെ ആത്മീയ ചൈതന്യത്തിന്റെ അത്യുന്നതങ്ങളിലേക്ക് ആനയിക്കുന്ന ചടങ്ങുകളും ക്ഷേത്രത്തിനുപുറത്ത് ഉത്സവത്തിന്റെ ഭാഗമായി കലാപരിപാടികളും നടക്കും. എന്നാൽ ഇതിനപ്പുറത്തേക്ക് ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ പ്രചാരണത്തിനായി ക്ഷേത്രത്തെ പ്രയോജനപ്പെടുത്തുന്നത് നിയമവിരുദ്ധമാണ്. അത് അനുവദിക്കാനാകില്ല. ക്ഷേത്രപരിപാടിയിൽ രാഷ്ട്രീയ പാർട്ടിയുടെ ചിത്രങ്ങൾ കാണിക്കുകയോ കൊടിപിടിക്കുകയോ ചെയ്യുന്നത് ശരിയല്ല. അതിനെതിരായ നിലപാടാണ് ദേവസ്വം ബോർഡ് സ്വീകരിക്കുന്നത്. അതാണ് സർക്കാരിന്റെയും നിലപാടെന്നും മന്ത്രി വ്യക്തമാക്കി.
ശസ്ത്രക്രിയയ്ക്ക്
അനുമതിയെന്ന്
എ.ഒ.എം.എസ്.ഐ
കൊച്ചി: മുടിവച്ചുപിടിപ്പിക്കലും മുഖസൗന്ദര്യ ശസ്ത്രക്രിയകളും ചെയ്യാൻ ഓറൽ, മാക്സിലോഫേഷ്യൽ സർജൻമാർക്ക് (എം.ഡി.എസ്) അനുമതിയുണ്ടെന്ന് അസോസിയേഷൻ ഒഫ് ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജൻസ് ഒഫ് ഇന്ത്യ (എ.ഒ.എം.എസ്.ഐ.) അറിയിച്ചു. ദന്തചികിത്സാ സർജൻമാർക്ക് മുഖസൗന്ദര്യ ശസ്ത്രക്രിയകൾക്കും തലമുടി വച്ചുപിടിപ്പിക്കലിനും വൈദഗ്ദ്ധ്യവും നിയമപരമായ അനുമതിയുമുണ്ടെന്ന് സംഘടന വ്യക്തമാക്കി.
ഡെന്റൽ കൗൺസിൽ ഒഫ് ഇന്ത്യ 2022 ഡിസംബറിൽ പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ പ്രകാരമാണ് അർഹതയെന്ന് സംഘടന അറിയിച്ചു. ഓറൽ, മാക്സിലോഫേഷ്യൽ സർജൻമാർ ബിരുദാനന്തര ബിരുദ പാഠ്യപദ്ധതിയുടെ ഭാഗമായി മുഖസൗന്ദര്യ ശസ്ത്രക്രിയകളും മുടിവച്ചുപിടിപ്പിക്കൽ ശസ്ത്രക്രിയയും പഠിക്കുന്നുണ്ട്. മുഖത്തെ അസ്ഥിക്കുള്ള പൊട്ടലുകൾ, താടിയെല്ല് ജോയിന്റ്, സിസ്റ്റ്–ട്യൂമർ, കാൻസർ, മുച്ചുണ്ട്, മൈക്രോവാസ്കുലർ, ഓർത്തോഗ്നാത്തിക് തുടങ്ങിയ ശസ്ത്രക്രിയകൾ ചെയ്യാനും പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് എ.ഒ.എം.എസ്.ഐ സംസ്ഥാന പ്രസിഡന്റ് ഡോ. എൽദോ മാർക്കോസ്, സെക്രട്ടറി ഡോ. എം. മുരളീകൃഷ്ണൻ എന്നിവർ അറിയിച്ചു.
രോഗികളുടെ നീണ്ടനിര;
77 കാരനെ ഡോക്ടർ മർദ്ദിച്ചു
ഭോപ്പാൽ: ഭാര്യയുടെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ 77കാരന് ഡോക്ടറുടെ ക്രൂരമർദ്ദനം. മദ്ധ്യപ്രദേശ് ഛത്തർപൂരിലെ ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ 17ന് ഉദ്വാൽ ജോഷിയെന്ന വയോധികനെ ഡോക്ടർ മർദ്ദിക്കുന്നതിന്റെയും ആശുപത്രി വരാന്തയിലൂടെ വലിച്ചിഴയ്ക്കുന്നതിന്റെയും ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.ഡോക്ടർ ആശുപത്രിയിലേക്ക് കടന്നുവന്നപ്പോൾ രോഗികളുടെ വലിയ നിര ഉണ്ടായിരുന്നതായും ഇതിൽ പ്രകോപിതനായാണ് ഭാര്യയ്ക്കൊപ്പം വരിയിൽ നിന്ന തന്നെ മർദ്ദിച്ചതെന്നും ജോഷി മാദ്ധ്യമങ്ങളോട് പറഞ്ഞു.
പി.ജി പ്രവേശനം
തിരുവനന്തപുരം: സംസ്കൃത സർവകലാശാലയുടെ മുഖ്യകേന്ദ്രത്തിലും പ്രാദേശിക ക്യാമ്പസുകളിലും എം.എ, എം.എസ്സി, എം.എസ്.ഡബ്ല്യു, എം.എഫ്.എ, എം.പി.ഇ.എസ്, മൾട്ടി ഡിസിപ്ലിനറി ഡ്യുവൽ മെയിൻ മാസ്റ്റേഴ്സ് ഇൻ ഡിസാസ്റ്റർ മാനേജ്മെന്റ്, പി. ജി.ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് 27വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.ssus.ac.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |