കട്ടപ്പന: വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് സ്വകാര്യ ധനകാര്യ സ്ഥാപനം ഭീഷണിപ്പെടുത്തിയതിന് പിന്നാലെ ഇടുക്കി ഉപ്പുതറ ഒമ്പതേക്കറിൽ രണ്ട് കൊച്ചു കുട്ടികളുൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേരെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉപ്പുതറ ഒമ്പതേക്കർ എം.സി കവല പട്ടത്തമ്പലം സജീവ് മോഹനൻ (36), ഭാര്യ രേഷ്മ (25), മക്കളായ ദേവൻ (അഞ്ച്), ദിയ (നാല്) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. ഇന്നലെ വൈകിട്ട് 4.30ന് ഏലത്തോട്ടത്തിൽ ജോലി കഴിഞ്ഞ് സജീവിന്റെ അമ്മ സുലോചന വീട്ടിലെത്തിയപ്പോൾ വാതിലുകൾ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വിളിച്ചിട്ട് തുറക്കാത്തതിനെ തുടർന്ന് അയൽവാസികളെ കൂട്ടി വാതിൽ തുറന്ന് സുലോചന അകത്ത് കയറിയപ്പോൾ ഹാളിൽ നാല് പേരും തൂങ്ങി മരിച്ച നിലയിലായിരുന്നു. തുടർന്ന് നാട്ടുകാർ ഉടൻ ഉപ്പുതറ പൊലീസിൽ വിവരമറിയിച്ചു. സജീവ് പുതിയ ഓട്ടോറിക്ഷ വാങ്ങുന്നതിന് മൂന്ന് ലക്ഷം രൂപ കട്ടപ്പനയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പയെടുത്തിരുന്നു. 8,000 രൂപയായിരുന്നു പ്രതിമാസ തിരിച്ചടവ്. അങ്ങനെ ഏഴ് മാസത്തോളം അടച്ചു. തിരിച്ചടവ് രണ്ടു മാസം മുടങ്ങിയതോടെ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ ഭീഷണി മുഴക്കുന്നത് പതിവായിരുന്നെന്ന് സജീവന്റെ പിതാവ് മോഹനൻ പറയുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കും സ്ഥാപനത്തിൽ നിന്ന് പിതാവ് മോഹനന് ഫോൺ കോൾ വന്നിരുന്നു. സ്ഥലവും വീടും പിടിച്ചെടുക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. തുടർന്ന് സ്ഥലം വിറ്റ് കടം തീർക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്നാണ് കുടുംബം ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ്, പീരുമേട് ഡിവൈ.എസ്.പി വിശാൽ ജോൺസൺ, ഉപ്പുതറ എസ്.എച്ച്.ഒ ജോയി മാത്യു എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കി. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സജിതയാണ് സജീവിന്റെ ഏക സഹോദരി.
'ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ കടബാധ്യതയും ധനകാര്യ സ്ഥാപനത്തിന്റെ ഭീഷണിയുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് എഴുതിയിട്ടുണ്ട്."
-ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |