ആലപ്പുഴ: മുകളിൽ സോളാർ പാനൽ, പിന്നിൽ കാറ്റാടി യന്ത്രം. ഇന്ധനച്ചെലവില്ലാതെ കായൽ സവാരി നടത്താൻ 'കതിരവൻ' എന്ന ശിക്കാര വള്ളം റെഡി. ജലഗതാഗത വകുപ്പിന് കീഴിൽ ഏതാനും സൗരോർജ ബോട്ടുകളുണ്ടെങ്കിലും വിനോദ സഞ്ചാരമേഖലയിൽ ആദ്യത്തേതാണിത്. ഈ മാസം അവസാനത്തോടെ സർവീസ് തുടങ്ങും. ആലപ്പുഴ കൈനകരി തോട്ടുവാത്തല മഠത്തിൽഹൗസിൽ എം.സി.മനോജ്കുമാറാണ് (58) ഉടമസ്ഥൻ.
ഇലക്ട്രോണിക്സ് മേഖലയിലെ പരിചയസമ്പന്നതയിൽ നിന്നാണ് സോളാർ ശിക്കാര എന്ന ആശയത്തിലേക്ക് മനോജ് എത്തിയത്. നിലവിലെ ശിക്കാരകളെല്ലാം ഡീസലാണ്. ഇതിന്റെ നിർമ്മാണത്തിന് എട്ട് ലക്ഷത്തോളം ചെലവ് വരും. സോളാർ ശിക്കാരയ്ക്ക് നിർമ്മാണച്ചെലവ് കൂടുതലാണ്. പന്ത്രണ്ട് ലക്ഷം. ഇന്ധനച്ചെലവില്ല എന്നതാണ് നേട്ടം. മൂന്നുമാസം മുമ്പ് പോർട്ട് വകുപ്പിന്റെ അംഗീകാരം ലഭിച്ചു.
വള്ളത്തിന്റെ മേൽക്കൂരയിലെ 24 വാൾട്ടിന്റെ നാല് സോളാർ പാനലുകളിൽ നിന്നും പിന്നിൽ ഘടിപ്പിച്ച ഇരുമ്പ് കാറ്റാടിയിൽ നിന്നും ബാറ്ററിയിലേക്ക് വൈദ്യുതി ശേഖരിച്ചാണ് പ്രവർത്തനം. എൽ.ഇ.ഡി ആസിഡ് ബാറ്ററിക്ക് മുന്നൂറ് കിലോ ഭാരമുണ്ട്. ഇത് വള്ളത്തിന്റെ വേഗതയെ ബാധിക്കുമെന്നതിനാൽ നാൽപ്പത് കിലോ മാത്രമുള്ള ലിഥിയം ബാറ്ററി സ്ഥാപിക്കാനൊരുങ്ങുകയാണ് മനോജ്. അതോടെ മണിക്കൂറിൽ 17 കിലോമീറ്റർ വരെ വേഗത ലഭിക്കും.
ഇൻവെർട്ടറടക്കമുള്ള സൗകര്യവുമുണ്ട്. ഡ്രൈവറെ കൂടാതെ ആറുപേർക്ക് യാത്ര ചെയ്യാം. ഇതേക്കുറിച്ചറിഞ്ഞ സുഹൃത്തുക്കൾ അയോദ്ധ്യയിൽ സർവീസ് നടത്താൻ പുതിയ സൗരോർജ വള്ളമൊരുക്കാൻ മനോജിന്റെ സഹായം തേടിയിട്ടുണ്ട്.
അനുഭവം കൂട്ടായി
ഇലക്ട്രോണിക്സിൽ ഡിപ്ലോമയുള്ള മനോജ്കുമാർ 24 വർഷം ഡൽഹിയിലെ ഇലക്ട്രോണിക് കമ്പനിയിൽ പ്രൊഡക്ഷൻ എൻജിനിയറായിരുന്നു. 2008ൽ കമ്പനി പൂട്ടിയതോടെ നാട്ടിലെത്തി. ഇതിനിടെ ഇലക്ട്രോണിക് വർക്ക്ഷോപ്പ് ആരംഭിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ഗൾഫിൽ പോയ മനോജ് കൊവിഡ് കാലത്ത് തിരികെയെത്തി. സ്വയംതൊഴിൽ സംരംഭമെന്ന ചിന്തയിൽ നിന്നാണ് സോളാർ ശിക്കാരയിലെത്തിയത്. പത്ത് ലക്ഷം രൂപ വായ്പയെടുത്താണ് ഫൈബറിലും സ്റ്റീലിലുമായി ശിക്കാര നിർമ്മിച്ചത്. ഭാര്യ: കൊച്ചുമോൾ. മക്കൾ: മയൂരി, മൃദുല.
''കൂടുതൽ സൗരോർജ ബോട്ടുകളുടെ നിർമ്മാണത്തിന് ചുക്കാൻ പിടിക്കണമെന്നാണ് ആഗ്രഹം
-എം.സി.മനോജ്കുമാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |