കൊച്ചി: നടൻ ദിലീപ് ഒന്നരക്കോടി രൂപയ്‌ക്കാണ് തനിക്ക് ക്വട്ടേഷൻ നൽകിയതെന്ന് നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാംപ്രതി പൾസർ സുനിയുടെ വെളിപ്പെടുത്തൽ. ഇതിൽ 80 ലക്ഷം കിട്ടാനുണ്ടെന്നും സ്വകാര്യ ചാനലിനോട് സുനി പറഞ്ഞു. നടിയെ ബലാത്സംഗം ചെയ്‌ത് ദൃശ്യങ്ങൾ പകർത്താനായിരുന്നു ക്വട്ടേഷൻ. ഇക്കാര്യം നടിയോട് പറഞ്ഞിരുന്നു.
അക്രമം ഒഴിവാക്കാൻ പണം നൽകാമെന്ന് നടി പറഞ്ഞെങ്കിലും വാങ്ങിയില്ല. കുടുംബം തകർന്നതാണ് ദിലീപിന്റെ വൈരാഗ്യത്തിന് കാരണം. ദൃശ്യം കാണിച്ച് നടിയെ ഒതുക്കുകയായിരുന്നു പദ്ധതി. പീഡനദൃശ്യം പൊലീസിന് ലഭിച്ചതാണ് കുരുക്കായത്. അഭിഭാഷകയെ സൂക്ഷിക്കാൻ ഏല്പിച്ച കാർഡ് കോടതിയിൽ ഹാജരാക്കുമെന്ന് പ്രതീക്ഷിച്ചില്ല.
അതേസമയം ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ എവിടെയെന്ന് സുനി വെളിപ്പെടുത്തിയില്ല. മറ്റു നടിമാരെ ആക്രമിച്ചതും ദിലീപിന്റെ അറിവോടെയാണ്. ലൈംഗിക അതിക്രമമുൾപ്പെടെ ഒത്തുതീർപ്പാക്കി. സിനിമയിൽ പലർക്കും ഇക്കാര്യമറിയാം. എന്നാൽ നിലനിൽപ്പിനായി ആരും പുറത്തുപറയില്ലെന്നും സുനി പറഞ്ഞു.
ജയിലിൽ വധ ശ്രമം
ജയിലിൽ തന്നെ വധിക്കാൻ ശ്രമിച്ചെന്ന് പൾസർ സുനി പറഞ്ഞു. സഹതടവുകാർ മർദ്ദിച്ചു. കത്തിലൂടെ ദിലീപിനെ വിവരമറിയിച്ചശേഷം മർദ്ദനമുണ്ടായില്ല. തന്നെ ദിലീപ് ചതിച്ചു. ഇതുവരെ പറയാത്ത കാര്യങ്ങൾ പുറത്തുവിട്ടാൽ പലർക്കും ഉത്തരം പറയേണ്ടിവരുമെന്നും സുനി പറഞ്ഞു. കേസിന്റെ വിചാരണ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അന്തിമഘട്ടത്തിലാണ്. മദ്ധ്യവേനൽ അവധി ആരംഭിക്കുന്ന 11ന് വാദം പൂർത്തിയാക്കും. ജൂൺ ആദ്യവാരം വിധി പറയുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |