സംസ്ഥാന സർക്കാരിന് ആശ്വാസം; നവകേരള  സർവേ റദ്ദാക്കിയ  ഉത്തരവ്  സ്റ്റേ  ചെയ്ത്  സുപ്രീംകോടതി

Tuesday 24 February 2026 12:55 PM IST

ന്യൂഡൽഹി: നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. നവകേരള സർവേയിൽ അപാകതയെന്തെന്ന് കോടതി ചോദിച്ചു. ക്ഷേമപദ്ധതികൾ എങ്ങനെ ജനങ്ങളിലേക്ക് എത്തുന്നുവെന്ന് പരിശോധിക്കാനും വിവരശേഖരണം നടത്താനും സർക്കാരിന് അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസിൽ എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു. പദ്ധതികൾ മെച്ചപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് ഇത്തരം പരിശോധനകൾ നടത്താമെന്നും സുപ്രീം കോടതി പറഞ്ഞു.

കഴിഞ്ഞ പത്തുവർഷത്തെ ഭരണ നേട്ടങ്ങൾ ജനങ്ങൾ എങ്ങനെ വിലയിരുത്തുന്നുവെന്ന് കണ്ടെത്താനാണ് സർവേ നടത്താൻ തീരുമാനിച്ചത്. 20 കോടിയാണ് ചെലവ് വകയിരുത്തിയത്. എന്നാൽ സർക്കാർ നടപടി ചട്ടങ്ങൾ പാലിക്കാതെയാണെന്ന വിലയിരുത്തലിലാണ് ഹെെക്കോടതി സർവേ റദ്ദാക്കിയത്. ബഡ്ജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ല എന്നതടക്കം ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സർക്കാരിന്റെ നയപരമായ തീരുമാനമാണ് നവകേരള സർവേയെന്ന് ചൂണ്ടിക്കാട്ടിയ സർക്കാർ ഇത് എങ്ങനെയാണ് ഹൈക്കോടതി റദ്ദാക്കുകയെന്നും ഹർജിയിൽ ചോദിച്ചു.