തിരുവനന്തപുരം: പരിഷ്കരിച്ച പാഠ്യപദ്ധതികൾ ഉൾപ്പെടുത്തിയുള്ള ആദ്യ ഘട്ട പാഠ പുസ്തകം 2024 ജൂണിൽ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് ക്ളാസുകളിലെ
കുട്ടികളുടെ കൈകളിലെത്തും.മറ്റുള്ള ക്ളാസുകളിൽ 2025 ജൂണിലും.
ഇന്നലെ ചേർന്ന കരിക്കുലം സ്റ്റിയറിംഗ്, കോർ കമ്മിറ്റികളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. പാഠപുസ്തകങ്ങളുടെ ഫ്രെയിം വർക്ക് ആരംഭിക്കാനും തീരുമാനമായി..
26 വിഷയങ്ങളിലധിഷ്ഠിതമായ ചർച്ചാകുറിപ്പുകൾ തയാറാക്കൽ 31നകം പൂർത്തിയാക്കും. ഫെബ്രുവരി 28നകം കരട് പാഠ്യപദ്ധതി ചട്ടക്കൂട് തയാറാക്കും. തുടർന്ന് മേഖലാതല സെമിനാർ, ചർച്ച എന്നിവ സംഘടിപ്പിച്ച് ചട്ടക്കൂട് മെച്ചപ്പെടുത്തും. മാർച്ച് 31നകം പാഠ്യപദ്ധതി ചട്ടക്കൂട് തയാറാക്കും. ഇതിന്റെ ചുവടുപിടിച്ച് ഏപ്രിലിൽ പാഠപുസ്തക രചന ആരംഭിക്കും. ഒക്ടോബർ 31നകം ഒന്നാം ഘട്ടം പൂർത്തിയാക്കും.
പുതിയ പുസ്തകങ്ങൾ
പരിഷ്കരിച്ച ലിപിയിൽ
പരിഷ്കരിച്ച ലിപിയിലാവും പുതിയ പുസ്തകങ്ങൾ കുട്ടികളിലെത്തുക. 2023-24 അദ്ധ്യയന വർഷത്തിൽ ഒന്നാം ക്ളാസിൽ മാത്രമാണ് ലിപി പരിഷ്കരണം . ഹയർ സെക്കൻഡറി ക്ളാസുകളിലെ പരിഷ്കരണം പിന്നീട് തീരുമാനിക്കും.
വിദ്യാർത്ഥികൾ ഉൾപ്പെടെ പങ്കെടുത്ത ജനകീയ ചർച്ചകൾ ക്രോഡീകരിച്ച് നൽകാനുള്ള ഉത്തരവാദിത്തം അതാത് ജില്ലകളിലെ ഡയറ്റിനായിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകൾ റിപ്പോർട്ട് നൽകാത്തതിൽ യോഗത്തിൽ വിമർശനമുയർന്നു.
എല്ലാ വിഭാഗം ജനങ്ങളുടെയും അഭിപ്രായം പരിഗണിച്ച് ഏറെ സുതാര്യമായി പാഠ്യപദ്ധതി പരിഷ്കരണം നടപ്പിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജയപ്രകാശ് തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |